"വൈകി ഓടുന്ന തീവണ്ടി അല്ലേ, എന്തായാലും ഇനി പരമാവധി
സ്പീഡിൽ പോകും,നേരത്തെ ആലുവയിൽ ചെല്ലും. ഈ ഒരു പ്രതീക്ഷയിൽ
ഞാൻ ഷൊർണ്ണൂർ ജംഗ്ഷൻ വരെ യാത്ര ചെയ്തു. പക്ഷെ അവിടെ
എത്തിയപ്പോൾ എല്ലാം തകർന്നു. എങ്ങനെ എന്നറിയണ്ടേ"
പയ്യന്നൂർ സ്റ്റേഷനിൽ നിന്നു തുടക്കം
കണ്ണൂർ ജില്ലയിലെ ഒരു പട്ടണമായ പയ്യന്നൂർ. അവിടെ നിന്നു
ഏകദേശം 3 km മാറിയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി
ചെയ്യുന്നത്. ഇവിടെ നിന്നാണ് എന്റെ യാത്ര ആരംഭിക്കുന്നത്.
നാട്ടിലേക്ക്(തൊടുപുഴ) ഉള്ള യാത്രകൾ പകൽ സമയത്തു ആണെങ്കിൽ
ഞങ്ങൾ യാത്ര ചെയ്യാറുള്ളത് പരശുറാം എക്സ്പ്രെസ്സിലാണ് (parashuram
express). പരശുറാമിൽ കയറി ആലുവയിൽ ഇറങ്ങി,അവിടെ നിന്നു ബസിൽ
കയറി വീട്ടിലേക്കു. ഇതാണ് പതിവ്.
അന്നത്തെ യാത്രയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. രാവിലെ 6:20 കഴിഞ്ഞ് ഞാൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും രാവിലെ 6:30 കഴിയുമ്പോൾ ആണ് പരശുറാം പോകുക. എന്നാൽ അവിടെ എത്തിയപ്പോൾ ആണ്അറിയുന്നത് ഇതേ റൂട്ടിൽ തന്നെ പോകുന്ന മറ്റൊരു ട്രെയിൻ ആയനേത്രാവതി എക്സ്പ്രസ്( Netravathi Express) ലേറ്റ് ആണെന്ന്. 6:15 ആകുമ്പോൾകടന്നു പോകുന്ന നേത്രാവതി ലേറ്റ് ആയതിനാൽ ആ തീവണ്ടിയിൽ പോകാം എന്ന് തീരുമാനിച്ചു. അതിനുള്ള പ്രധാന കാരണം ഇതായിരുന്നു:പരശുറാമിനെക്കാൾ സ്റ്റോപ്പുകൾ കുറവാണ് നേത്രാവതിക്കു, അങ്ങനെ ആകുമ്പോൾ നേരത്തെ ചെല്ലാമല്ലോ. അങ്ങനെ തീരുമാനം നേത്രാവതി എക്‌സ്പ്രസ്സിൽ കയറാം എന്നാക്കി.
ടിക്കറ്റ് കൗണ്ടറിൽ ചെന്നാണ് ടിക്കറ്റ് എടുത്തത്. അവിടെ വച്ചു ഞാൻ ഒരു
അതിബുദ്ധി പ്രയോഗിച്ചു. നേത്രാവതിക്ക് 2 ജനറൽ കോച്ചുകളെ ഉള്ളു.
ഒരുപക്ഷേ അതിൽ തിരക്ക് ആയിരിക്കും എന്ന് കരുതി,ഞാൻ സ്ലീപ്പർ
ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് സ്വന്തമാക്കി. സാധാരണ ടിക്കറ്റിന് ₹105
ആണെങ്കിൽ സ്ലീപ്പർ ടിക്കറ്റിന് ഇരട്ടിയിലധികം രൂപ കൊടുക്കേണ്ടി വന്നു.
അങ്ങനെ ടിക്കറ്റും സ്വന്തമാക്കി ഞാൻ overbridge കയറി ഇറങ്ങി
പ്ലാറ്റ്ഫോമിലേക്ക് ചെന്നു. പയ്യന്നൂർ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോം
മംഗലാപുരം വശത്തെക്കുള്ള ട്രെയ്‌നുകൾക്കുള്ളത് ആണ്. കോഴിക്കോട്
ഭാഗത്തേക്കുള്ള ട്രെയിനുകൾ നിർത്തുക മൂന്നാമത്തെ പ്ലാറ്റ്ഫോമിലും ആണ്.
ഷൊർണ്ണൂറിലേക്ക് ,അവിടെ നിന്നു ആലുവയ്ക്ക്.
അങ്ങനെ വൈകിയെത്തിയ ട്രെയിനിൽ ഞാൻ കയറി. ഏതോ ഒരു side
എമേർജൻസി സീറ്റ് കണ്ടെത്തി അതിൽ ഇരുന്നു.നന്നായി തന്നെ
ട്രെയിനിന്റെ എൻജിനും ഗാർഡ് കോച്ചും കാണണം അതിനാണ് ഈ സീറ്റ്
തിരഞ്ഞെടുത്തത്. അധികം തിരക്കില്ല എന്നല്ല ആള് തീർത്തും
കുറവായിരുന്നു എന്നു വേണം പറയാൻ. അങ്ങനെ യാത്രയിൽ എവിടെയോ
വച്ചു TTR ക്കു ടിക്കറ്റ് കാണിച്ചു കൊടുത്തു.
ഇടയ്ക്കിടയ്ക്ക് മൊബൈലിൽ തീവണ്ടിയുടെ സ്റ്റാറ്റസ് നോക്കുന്നുണ്ട്,
ഇപ്പോഴും ട്രെയിൻ പഴയതുപോലെ തന്നെ ലേറ്റ് ആയിട്ടാണ് ഓടുന്നത്.
അങ്ങനെ കണ്ണൂരും, പിന്നീട് കോഴിക്കോടും കടന്നു ട്രെയിൻ അവസാനം
ഷൊർണ്ണൂർ സ്റ്റേഷനിലേക്ക് എത്തി ചേർന്നു. തുടക്കത്തിൽ പറഞ്ഞതു
പോലെ, ഷൊർണ്ണൂർ ജംഗ്ഷനിൽ വച്ചു എന്റെ എല്ലാ പ്രതീക്ഷകളും
തകർക്കപ്പെട്ടു.
ഷൊർണ്ണൂർ ജംഗ്ഷനിൽ ഒരുവിധം എല്ലാ ട്രെയിനുകളും 10 മിനിറ്റോളം
സമയം നിർത്താറുണ്ട്. അങ്ങനെ ഒരു ഹാൾട് ആണെന്ന് തോന്നിയ
നേത്രാവതിയുടെ വിശ്രമം 10 മിനുറ്റ് കഴിഞ്ഞു പിന്നെയും മുമ്പോട്ടു പോയി.
അതിനിടയ്ക്ക് പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ എത്തി ചേർന്നു.
ഇനിയിപ്പോൾ ഞങ്ങളുടെ ട്രെയിൻ പോകും എന്ന് ഞാൻ പ്രതീക്ഷിച്ചു.
അങ്ങനെ ട്രെയിൻ പതിയെ സ്റ്റേഷൻ വിട്ടു തുടങ്ങി, ഞാൻ യാത്ര ചെയ്ത
നേത്രാവതി അല്ല പകരം പരശുറാം എക്സ്പ്രസ് ആണ് ആദ്യം പോയത്.
അതു കഴിഞ്ഞു അല്പം കഴിഞ്ഞു ഞങ്ങളുടെ വണ്ടിയും ഷൊർണ്ണൂർ വിട്ടു.
![]() |
ഷോർണൂരിനും ആലുവയ്ക്കും ഇടയിൽ |
നിറവേറാത്ത ആഗ്രഹം
ഷൊർണ്ണൂർ വിട്ടാൽ പിന്നെ നേത്രാവതി എക്സ്പ്രസിന്
ആലുവയ്ക്കിടയ്ക്ക് ഉള്ള ഒരേ ഒരു സ്റ്റോപ് തൃശൂർ മാത്രം ആണ്. എന്നാൽ
മറ്റേ തീവണ്ടിക്ക് ആകട്ടെ 7 സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. അതുകൊണ്ടു
ഏതെങ്കിലും ഒരു സ്റ്റേഷനിൽ വച്ചു ഒന്നു അവരെ കടന്നു പോയിരുന്നെങ്കിൽ
എന്നു ഞാൻ ആഗ്രഹിച്ചു. പക്ഷെ നിറവേറാത്ത ആഗ്രഹമായി അതു
തുടർന്നു. അങ്ങനെ അവസാനം തീവണ്ടി പെരിയാർ കടന്നു ആലുവ
സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ചെന്നു നിന്നു.
ധനനഷ്ടം, സമയനഷ്ടം, മനസമാധാന നഷ്ടം ഒക്കെ ചുമന്നു ഞാൻ അവിടെ
തീവണ്ടി ഇറങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ