"ട്രാക്കിന്റെ ഇരു വശത്തുമുള്ള കൂറ്റൻ വെളുത്ത പാറകൾ, പ്ലാട്ഫോം തന്നെ ടോയ്ലറ്റ് ആക്കിയ ആളുകൾ, കോയമ്പത്തൂർ എന്ന വ്യവസായ പട്ടണം, രാവിലെ 4 മണിക്ക് കഴിച്ച ഇഞ്ചി ചായ. ഇതൊക്കെയാണ് ബാംഗ്ലൂർ നഗരത്തിലേക്കുള്ള ട്രെയിൻ യാത്രകൾ എനിക്ക് സമ്മാനിച്ച ഓർമകളിൽ ചിലതു. ആ യാത്രകളിലൂടെ ഒരു പിന്നോട്ടുയാത്ര..."
ഇതു വരെ 4 പ്രാവശ്യം മാത്രമാണ് ഞാൻ ബാംഗ്ലൂർ സന്ദർശിച്ചിട്ടുള്ളത്. അതു നാലും ട്രെയിൻ യാത്രകളായിരുന്നു. അതിൽ ആദ്യത്തെ യാത്ര ഒരു വിവാഹത്തിൽ പങ്കെടുക്കാൻ, പിന്നീട് പോയത് ഒരു ടൂർ ട്രിപ്പ്, പിന്നീട് 2 തവണ മറ്റു ചില ആവശ്യങ്ങൾക്ക്. വർഷങ്ങൾ പലതു കഴിഞ്ഞത് കൊണ്ടു ഓരോ യാത്രയും അതേപോലെ തന്നെ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും നാലും ചേർത്ത ഒരു വിവരണം ഇതിൽ പ്രതീക്ഷിക്കാം.
ആദ്യ യാത്ര കണ്ണൂരിൽ നിന്നും യശ്വന്തപുരത്തേക്ക്
ആദ്യത്തെ യാത്ര നടന്നത് 10 വർഷങ്ങൾ മുമ്പ് ആണ്. കൃത്യമായി അതു പറയാൻ കാരണം അന്ന് വിവാഹിതരായ ദമ്പതികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ അവരുടെ പത്താമത്തെ വിവാഹ വാർഷികം ആഘോഷിച്ചു. 10 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ ട്രെയിൻ യാത്ര ആരംഭിച്ചത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു. കണ്ണൂർ- യശ്വന്തപുരം എക്സ്പ്രസ്സിൽ ആണ് ഞങ്ങൾ യാത്ര തിരിച്ചത്. വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്ര പുറപ്പെട്ടു ഷൊർണ്ണൂർ - പാലക്കാട് റൂട്ടിൽ സഞ്ചരിച്ചു പിറ്റേന്നു രാവിലെ ട്രെയിൻ യശ്വന്തപുരം ജംഗ്ഷനിൽ എത്തി ചേരും. ഇതാണ് ട്രെയിനിന്റെ റൂട്ട് മാപ്.
അങ്ങനെ ട്രെയിൻ കണ്ണൂർ സ്റ്റേഷൻ വിട്ടു, ഞാൻ കുറച്ചു നേരം പുറത്തേക്കു നോക്കിയിരുന്നു. പിന്നെ ഇരുട്ടു വീണു തുടങ്ങിയപ്പോൾ അകത്തെ കാഴ്ചകൾ മാത്രം നോക്കിയിരുന്നു. കൂടെയുള്ളവർ എല്ലാം വീട്ടുകാർ ആണ്. അതുകൊണ്ടു വർത്തമാനം പറഞ്ഞു തുടങ്ങാൻ ബുദ്ധിമുട്ടില്ല. ആകെ ഒരു പ്രശനം അധികം സംസാരിക്കാനുള്ള വിഷയങ്ങൾ എനിക്കില്ല എന്നത് മാത്രമായിരുന്നു.
ട്രെയിൻ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് അച്ഛനും അമ്മയും അനിയത്തിയും ഈ ട്രെയിനിൽ കയറുന്നത്. അവർക്ക് ഈ ട്രെയിൻ കിട്ടുമോ എന്നു ഒരു നിമിഷം ശരിക്കും ഞങ്ങൾ സംശയിച്ചു പോയിരുന്നു. കാരണം അവർ ഷൊർണ്ണൂർ വരെ ബസിൽ ആണ് വന്നത്. ഇടയ്ക്കു വിളിച്ചപ്പോൾ അവർ ഒരു റയിൽവെ ക്രോസ്സിങ് പിടിച്ചിട്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞതു ഒരു ഓർമയുണ്ട്. എന്തായാലും ട്രെയിൻ ഷൊർണ്ണൂരിൽ എത്തിയപ്പോൾ അവർക്കും ഞങ്ങളോടൊപ്പം ചേരാൻ പറ്റി. ട്രെയിനിലെ മറ്റേതോ കമ്പർട്മെന്റിൽ ആയിരുന്നു അവരെന്നു മാത്രം.
പിറ്റേന്ന് നേരം വെളുത്തപ്പോൾ, ഇതുവരെ കാണാത്ത കാഴ്ചകൾ ആയിരുന്നു കണ്മുമ്പിൽ. ട്രെയിൻ നീങ്ങുന്ന പാളങ്ങളുടെ ഇരു വശങ്ങളിലും വലിയ കല്ലുകളും പാറകളും ഒക്കെ നിറഞ്ഞ പ്രദേശം. സാധാരണ നമ്മുടെ നാട്ടിൽ കാണുന്നത് പോലെയുള്ള കറുത്ത കല്ലുകൾ അല്ല, പകരം ആ കല്ലുകൾക്കെല്ലാം തന്നെ വെളുത്ത നിറമാണ്. ഇടയ്ക്കു തോന്നി അതു വലിയ വെള്ളാരം കല്ലുകൾ ആണെന്ന്. എന്തോ ഇപ്പോഴും അതു എന്തു പാറകൾ ആണെന്ന് എനിക്കറിയില്ല. ബാംഗ്ലൂറിലേക്കുള്ള ആദ്യ ട്രെയിൻ യാത്രയിൽ എന്റെ മനസിൽ പതിഞ്ഞ ചിത്രം അതായിരുന്നു.
രാവിലെ ഞങ്ങൾ യശ്വന്തപുരം ജംഗ്ഷന് മുമ്പുള്ള ഏതോ ഒരു സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനിൽ അന്ന് കണ്ട കാഴ്ച ആ യാത്രയിൽ എന്റെ കൂടെ ഉണ്ടായിരുന്ന വീട്ടുകാർ ആരും മറക്കാൻ ഇടയില്ല. ആ നാട്ടുകാർ ആ സ്റ്റേഷനിലെ പ്ലാട്ഫോം തന്നെ ഒരു ശൗചാലയം ആക്കി മാറ്റിയിരുന്നു. 10 വർഷങ്ങൾക്കു ഇപ്പുറം അതെല്ലാം മാറി കാണും എന്നു വിശ്വസിക്കുന്നു.
രണ്ടാമത്തെ യാത്ര
രണ്ടാമത്തെ ബാംഗ്ലൂരിലേക്ക് ഉള്ള ട്രെയിൻ യാത്രയും കണ്ണൂർ- യശ്വന്തപുരം എക്സ്പ്രസ് ട്രെയിനിൽ തന്നെയായിരുന്നു. പക്ഷെ അന്ന് ഞാൻ തീവണ്ടി കയറിയത് ഷൊർണ്ണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമായിരുന്നു. പക്ഷെ അന്നത്തെ യാത്രയിൽ കാര്യമായ ഒന്നും ഞാൻ ഓർക്കുന്നില്ല. രാത്രിയിൽ ട്രെയിൻ കയറി നേരം വെളുത്തപ്പോൾ സ്റ്റേഷനിൽ ഇറങ്ങി, സ്റ്റേഷന്റെ പേര് പോലും ഓർമയില്ല എന്നതാണ് സത്യം.
മൂന്നാമത്തെ ബാംഗ്ലൂർ യാത്ര
ഈ ബാംഗ്ലൂർ ട്രെയിൻ യാത്ര എനിക്ക് പുതുമയേറിയത് ആയിരുന്നു. ഈ ബാംഗ്ലൂർ യാത്രയിൽ ഞാൻ ഒറ്റയ്ക്കാണ് എന്നത് ഒരു പുതുമ. പിന്നെ ഞാൻ രാത്രി വണ്ടിക്കല്ല പകരം ഒരു പകൽ ട്രെയിനിൽ ആണ് പോകുന്നത്. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപെട്ടു KSR ബെംഗളൂരു സ്റ്റേഷൻ വരെ പോകുന്ന ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്( intercity superfast) ട്രെയിനിൽ ആണ് അന്ന് ഞാൻ യാത്ര ചെയ്തത്.
അന്ന് രാവിലെ ഞാൻ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ എത്തിയതിനു ശേഷമാണ് ടിക്കറ്റ് എടുത്തത്.അധികം ചാർജ് ഒന്നും ആയില്ല. ടിക്കറ്റ് എടുത്തു നേരെ പ്ലാട്ഫോമിലെത്തി .അവിടെ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറി. നന്നായി കാഴ്ചകൾ കാണാൻ പാകത്തിൽ ഒരു സൈഡ് സീറ്റ് സ്വന്തമാക്കി അവിടെ ഇരിപ്പുറപ്പിച്ചു. രാവിലെ 9 മണി കഴിഞ്ഞപ്പോൾ ട്രെയിൻ യാത്ര ആരംഭിച്ചു.
ഈ യാത്രയിൽ ആണ് ഞാൻ കോയമ്പത്തൂർ പട്ടണം കാണുന്നത്. ഇതിനു മുമ്പ് ഓരോ തവണയും ട്രെയിൻ ഇതുവഴി കടന്നു പോയത് രാത്രിയിൽ ആയതിനാൽ ഈ നഗരം കാണാൻ പറ്റിയിരുന്നില്ല. അങ്ങനെ കോയമ്പത്തൂർ പട്ടണവും വിട്ടു ട്രെയിൻ യാത്ര തുടർന്നു.
ഈ യാത്രയിൽ ഞാൻ ഇരുന്ന സീറ്റിന് എതിരായി എന്റെ തന്നെ പ്രായമുള്ള ഒരു സഹയാത്രികനും ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ അയാളും ബാംഗ്ലൂരിലേക്ക് സുഹൃത്തുക്കളെ കാണാൻ ഉള്ള യാത്ര ആണ് എന്നു അറിഞ്ഞു.
യാത്രയിൽ ഞാൻ ആസ്വദിച്ച വേറെ ഒരു കാഴ്ച ഒരു വലിയ വളവ് ആയിരുന്നു. ഇംഗ്ലീഷ് അക്ഷരമലയിലെ C എന്ന അക്ഷരം തിരിച്ചു എഴുതിയാൽ എങ്ങനെ ഇരിക്കുമോ അതുപോലെയാണ് ഈ വളവ് എന്നു എനിക്ക് തോന്നി. തീവണ്ടിയുടെ നടുക്കുള്ള കംപാർട്ട്മെന്റിൽ ഇരിക്കുന്ന ഒരാൾക്ക് മുമ്പോട്ടു നോക്കിയാൽ ട്രെയിനിന്റെ ലോകമോട്ടീവും പിന്നിലേക്ക് നോക്കിയാൽ ഗാർഡിന്റെ കോച്ചും ഭംഗിയായി കാണാൻ കഴിയും. അങ്ങനെ പല കാഴ്ചകളും കണ്ടു നീങ്ങിയ ആ ട്രെയിൻ യാത്ര വൈകുന്നേരം ബാനസവാടി റെയിൽവേ സ്റ്റേഷനിൽ അവസാനിച്ചു.
ഇഞ്ചി ചായ കുടിച്ച യാത്ര
ബാംഗ്ലൂർ യാത്രകളിൽ അവസാനത്തേത് ,ഇതുവരെ നടത്തിയതിൽ, ആരംഭിച്ചത് ഒരു ഞായറാഴ്ച ദിവസം ആണ്. അന്നും ട്രെയിൻ കയറിയത് എറണാകുളം റയിൽവേ സ്റ്റേഷനിൽ നിന്നാണ്.ആ യാത്ര ഒരു വൈകുന്നേര സമയത്തായിരുന്നു.വൈകുന്നേരം യാത്ര ആരംഭിച്ച്, വെളുപ്പിന് സൂര്യൻ ഉദിക്കുന്നതിനു മുമ്പ് ബാംഗ്ലൂർ ബാനസവാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന സൂപ്പർഫാസ്റ്റ് ട്രെയിനിൽ ആണ് യാത്ര തിരിച്ചത്.
ട്രെയിൻ ടിക്കറ്റ് ബുക് ചെയ്തത് ബാനസവാടി സ്റ്റേഷനിലേക്ക് ആയിരുന്നുവെങ്കിലും ഞങ്ങൾ കൃഷ്ണരാജപുരം എന്ന സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി. അതും വെളുപ്പിന് 3 മണി നേരത്തു. നേരം വെളുക്കാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിയാമായിരുന്നതിനാൽ സ്റ്റേഷനിൽ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു.
അന്ന് കൃഷ്ണരാജപുരം സ്റ്റേഷനിൽ നേരം വെളുക്കാൻ കാത്തിരിക്കുമ്പോളാണ് അതു വഴി ഒരു ചായ വിൽപ്പനക്കാരൻ വന്നത്. അദ്ദേഹത്തിന്റെ കയ്യിലെ ആ വലിയ കുറ്റിയിൽ നിന്നു അദ്ദേഹം ഒരു ചൂടൻ ഇഞ്ചി ചായ(ginger tea) ഒഴിച്ചു തന്നു. അങ്ങനെ കൃഷ്ണരാജപുരം സ്റ്റേഷനിലെ ആ തണുപ്പിൽ ആ ചൂട് ചായയും കുടിച്ചു ഞാൻ ഇരുന്ന്. അതു വഴിയേ കടന്നു പോയ ട്രെയ്നുകളെയും, ലോകോമോട്ടീവ് എൻജിനുകളെയും നോക്കി ഒരു ഇരുപ്പ്.
ഇനി കോവിഡ് കഴിഞ്ഞു ഒരു യാത്ര സാധ്യമായാൽ ഒന്നു കൂടെ പോകണം, ബാംഗ്ലൂരിലേക്ക്. ആ യാത്രയിൽ ട്രെയിനിന്റെ വിശേഷങ്ങൾ ഓരോന്നും വിവരിച്ചു എഴുതാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ