തീവണ്ടി യാത്രകളിൽ എപ്പോഴും തന്നെ യാത്രക്കാർ ഉപയോഗപ്പെടുത്തുന്ന ഒരു സവിശേഷത ആണ് സ്പാട്ട് യുവർ ട്രെയിൻ (spot your train). ട്രയിനിന് അകത്തു യാത്ര ചെയ്യുന്നവരും, ട്രെയിൻ കാത്ത് നില്ക്കുന്നവരും ഈ സംവിധാനം ഉപയോഗിക്കുന്നു.
ഞാൻ ആദ്യമായി ഇത് ഉപയോഗിക്കുന്നത് മൊബൈലിൽ അല്ല പകരം ആലുവ റയിൽവേ സ്റ്റേഷനിൽ വച്ചാണ്. ഇടുക്കിക്കാരായ ഞങ്ങൾക്കു എത്തിപ്പെടാൻ ഏറ്റവും എളുപ്പം ആലുവയിൽ ആണ്. അന്ന് രാത്രി തീവണ്ടി യാത്രകൾ ഒന്നെങ്കിൽ മാവേലി എക്സ്പ്രസിൽ അല്ലെങ്കിൽ മലബാറിൽ. അർദ്ധരാത്രിക്ക് ആലുവ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ഈ തീവണ്ടികളിൽ യാത്ര ചെയ്യാൻ രാത്രി 9-9:30 യോട് കൂടെ ആലുവയിൽ എത്തും. പിന്നെ റയിൽവേ പ്ലാറ്റ്ഫോമിൽ കാത്തിരിപ്പാണ്. ചെറുപ്പത്തിലെ ഒട്ടു വിരസത തോന്നാത്ത കാത്തിരിപ്പുകൾ. വന്നു പോകുന്ന തീവണ്ടികളെയും അവയെ വലിച്ചു കൊണ്ടുവരുന്ന എഞ്ചിനുകളെയും ഒരു മടുപ്പും കൂടാതെ നോക്കിയിരുന്നിടുണ്ട്.
അങ്ങനെ ഒരിക്കൽ ആലുവ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൽ അവിടെ ഒരു പുതിയ യന്ത്രം, കണ്ടാൽ atm machine ന്റെ ലുക്ക് ആണ്, പക്ഷേ ഉപയോഗം വേറെയും. ഒരുപക്ഷേ നിങ്ങളെല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ടാകും. ട്രയിനുകളുടെ വിവരങ്ങൾ- സമയം, ഏത് സ്റ്റേഷനില് എത്തി, എത്ര വൈകി ആണ് ഓടുന്നത് എന്നൊക്കെ- ആ മെഷിൻ പറഞ്ഞു തരും. പിന്നെ അതിന്നു ടച്ച് സ്ക്രീൻ ആണുള്ളത് എന്നതും ഒരു പുതുമ ആയിരുന്നു.
മനപാടമാക്കിയ ട്രെയിൻ നമ്പറുകൾ ഓരോന്നും മാറി മാറി നോക്കും. ട്രെയിൻ എവിടെ എത്തി എന്നറിയാനല്ല പകരം ആ ടച്ച് സ്ക്രീന്റെ പ്രവർത്തനം അറിയാനുള്ള കൌതുകം.
അന്ന് ആ സ്ക്രീനുകൾ ചുരുക്കം ചില റയിൽവേ സ്റ്റേഷനുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലതും മിക്കപ്പോഴും തകരാറിലും. കാലം കഴിഞ്ഞപ്പോൾ അവ പുതിയ സാങ്കേതിക വിദ്യകൾക്കു വഴി മാറി കൊടുത്തത് ആണോ, അതോ എനിക്കു പ്രായം കൂടിയതനുസരിച്ച് അതിനോടുള്ള കൌതുകം നഷ്ടപ്പെട്ടതാണോ എന്നറിയില്ല. ഇന്ന് ഏതെങ്കിലും സ്റ്റേഷനിൽ അവയൊക്കെ ഉണ്ടോ എന്നു പോലും ശ്രദ്ധിക്കാറില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ