ആദ്യത്തെ ഗുജറാത്തു യാത്രയെക്കുറിച്ചുള്ള വിവരണത്തിൽ പറയാൻ മറന്ന് പോയ ഒരു സംഭവം ഉണ്ട്. ഓർത്തപ്പോൾ അതിനെക്കുറിച്ചു ഒന്നു കുത്തിക്കുറിച്ചു വയ്ക്കാം എന്നു കരുതി.
ട്രെയിൻ ഓർക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഒരിക്കൽ കൂടി പറയാം. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും ഗുജറാത്തിലെ ജാംനഗർ എന്ന സ്ഥലത്തേക്ക് പോകുന്ന ട്രെയിനിൽ ആണ് എന്റെ ആദ്യത്തെ ഗുജറാത്ത് യാത്ര. ട്രെയിനിന്റെ നമ്പർ 19577.
എഴുതാൻ പോകുന്ന സംഭവം നടക്കുന്നത് യാത്രയുടെ രണ്ടാമത്തെ ദിവസത്തിൽ ആണ്. ട്രെയിൻ രത്‌നാഗിരി എന്ന റെയിൽവേ സ്റ്റേഷൻ വിട്ട് പനവേൽ ലക്ഷ്യമാക്കി കുതിക്കുകയാണ്. ഇടയ്‌ക്കെവിടെയൊക്കെയോ ട്രെയിൻ സിഗ്നൽ കിട്ടാതെ പിടിച്ചിട്ടു. സിഗ്നൽ കിട്ടിയാൽ പിന്നെയും യാത്ര തുടരും.
പുറത്തെ കാഴ്ചകൾ കണ്ടു കുറെ നേരം ഇരിക്കും. പിന്നെ അല്പം സമയം ബെർത്തിൽ കിടന്നുറങ്ങും. പാപ്പൻ താഴെ തന്നെ ഇരുപ്പ് ഉറപ്പിച്ചത് കൊണ്ടു മുകളിലെ ബെർത്തിൽ ആണ് ഞാൻ കിടക്കുന്നതു.
അങ്ങനെ കിടക്കുന്നതിനിടയിൽ, കോച്ചിൽ ആരോ കൈകൾ കൊട്ടുന്ന ശബ്ദം കേൾക്കാൻ കഴിഞ്ഞു. ഇതിപ്പോൾ എന്താ സംഭവം എന്നറിയാൻ എഴുനേറ്റു നോക്കി. ട്രെയിനിലെ യാത്രക്കാരിൽ നിന്നും പൈസ പിരിക്കാൻ വന്നിരിക്കുന്ന ഹിജ്‌റ (ഹിജഡ എന്നു പറഞ്ഞു കേൾക്കുന്നു) സമൂഹത്തിൽ പെട്ട ഒരു വ്യക്തിയായിരുന്നു അത്.
ഒഴിവായി പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതി ഞാൻ അവിടെ കണ്ണടച്ചു കിടന്നു? അപ്പോഴേക്കും മനസിൽ, ചേട്ടായി പറഞ്ഞ കാര്യങ്ങൾ ഓടിയെത്താൻ തുടങ്ങി. ചേട്ടായി എന്നു പറഞ്ഞത് ആലുവ സ്റ്റേഷനിൽ വച്ചു ഞാൻ കണ്ട ആളുടെ കാര്യമാണ്. ഒരു ട്രെയിൻ യാത്രയിൽ ചേട്ടായി ഹിജടകൾക്കു പൈസ കൊടുക്കാൻ വിസ്സമതിച്ചപ്പോൾ ഉണ്ടായ ദുരനുഭവം എന്നോട് പറഞ്ഞിരുന്നു. കൂടെ ഒരു ഉപദേശവും: അവർ വന്നാൽ ഒന്നും പറയാൻ നിൽക്കേണ്ട ഒരു അഞ്ചോ പത്തോ രൂപ അങ്ങ് എടുത്തു കൊടുത്തേക്കു, അവർ അവരുടെ വഴിക്ക് പൊക്കോളും. അതുകൊണ്ടു ഞാൻ റെഡി ആയിട്ടാണ് കിടക്കുന്നത്.
എന്തായാലും കണ്ണടച്ചു കിടന്നു എന്ന കാരണത്താൽ അവരെന്നെ വിട്ടില്ല. തട്ടി വിളിച്ചു . എന്തോ പറഞ്ഞു, എന്റെ നേരെ കൈ നീട്ടി, ഇങ്ങെടുത്തോ എന്ന അർത്ഥത്തിൽ കൈപ്പത്തി അനങ്ങി. ഞാൻ അവരെ നോക്കി. സാരി ആണ് വസ്ത്രം, മുഖത്തു നിറയെ മേക്കപ്പ് ( makeup) ഇട്ടിട്ടുണ്ട്. പക്ഷെ മുഖത്ത് കാർക്കശ്യം ആണ് ഞാൻ കണ്ടത്. ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഒരു 10 രൂപ എടുത്തു അങ്ങു കൊടുത്തു. എന്നിട്ടു അറിയാവുന്ന ഭാഷയിൽ 2 പേരുടെ ആണെന്ന് പറഞ്ഞു. അവർക്കത് മനസിലായില്ല എന്നു അടുത്ത നിമിഷം എനിക്ക് പിടി കിട്ടി.
ആ ഹിജഡ / ഹിജ്‌റ പാപ്പനെ തട്ടി വിളിച്ചു. പാപ്പൻ ആണെങ്കിൽ ഒരു കുലുക്കവും ഇല്ല. അവര് എന്തോ പറഞ്ഞു. പാപ്പൻ ഇല്ല എന്നു പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു. അവരാണെങ്കിൽ വിടാനുള്ള ഭാവവും ഇല്ല. എന്തൊക്കെയോ പറയുന്നുണ്ട് ഹിന്ദി അല്ല. വേറെ ഏതോ ഭാഷ. എനിക്കാണെങ്കിൽ പേടിയാകാനും തുടങ്ങി. ഒടുവിൽ ഞാൻ ഒന്നുകൂടെ പറഞ്ഞു നോക്കി, ഞാൻ എനിക്കും അദ്ദേഹത്തിനും ഉള്ള പൈസ ആണ് തന്നത് എന്ന്. അവരപ്പോൾ എന്റെ നേരെ കൈ നീട്ടി.ഞാൻ ഒന്നും പറയാൻ നിൽക്കാതെ ഒരു 10 രൂപ കൂടെ കൊടുത്തു. അതും വാങ്ങി അവർ മുമ്പോട്ടു നീങ്ങി.
ശരിക്കും ഇതു ഒരു തരം പകൽ കൊള്ള തന്നെ.പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. അവർക്ക് അവരുടേതായ കാരണങ്ങൾ കാണും.ഒരു കാര്യം എനിക്കറിയാം എന്റെ മനസ്സിൽ അവരെന്ന ഭയം ഉള്ളിടത്തോളം ഞാൻ അവർക്ക് കൈമടക്കു കൊടുക്കും.
കൂടുതൽ വായിക്കൂ: വഡോദരയിലേക്ക് ഒരു ട്രെയിൻ യാത്ര .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ