ഇന്ത്യൻ റെയിൽവേ ഒരു അത്ഭുതം തന്നെയാണ്. തീവണ്ടി പ്രാന്തനായ എനിക്ക് മറ്റ് റെയിൽവേകൾ ഒന്നും ഇതുവരെ കാണാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് ഇന്ത്യൻ റയിൽവെ എന്നു എടുത്തു പറഞ്ഞത്.
കിലോമീറ്റർ നീണ്ടു കിടക്കുന്ന കൊങ്കൺ റെയിൽവേയിലൂടെ പോയാൽ ഈ അത്ഭുതങ്ങളിൽ പലതും കാണാം.അത്തരം ഒരു അത്ഭുതത്തെ ആദ്യമായി കണ്ടത് എന്റെ ഗുജറാത്തു യാത്രക്കിടയിൽ ആണ്. റോ-റോ ( Ro-Ro) ട്രെയിൻ സർവിസ് ആണത്.
കൂടുതൽ വായിക്കൂ : എന്റെ ആദ്യത്തെ ഗുജറാത്തു യാത്ര, ജാംനഗർ എക്‌സ്പ്രസ്സിൽ.
എന്താണ് റോ-റോ( RORO ) ട്രെയിൻ?
റോറോ അല്ലെങ്കിൽ RORO എന്നതിന്റെ പൂർണ രൂപം റോൾ ഓൺ/ റോൾ ഓഫ് എന്നതാണ്. ഇന്ത്യൻ റയിൽവേയുടെ കീഴിൽ കൊങ്കൺ പാതയിലൂടെ നടക്കുന്ന ഒരു ട്രെയിൻ സർവിസ് ആണിത്.
എന്താണ് ഇതിന്റെ പ്രത്യേകത? ഇന്ത്യയിൽ വ്യത്യസ്ത തരം ട്രെയിൻ സർവീസുകൾ ഉണ്ട്. ഉദാഹരണത്തിന്, യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയിനുകൾ ( passenger trains) , ചരക്കുകൾ കൊണ്ടുപോകുന്ന ട്രെയിനുകൾ (goods/freight trains), കൂടാതെ ഈ കോവിഡ് കാലത്തു ജീവവായു എത്തിക്കുന്ന ഓക്സിജൻ എസ്പ്രെസ് ട്രെയിനുകൾ ( oxygen express) അങ്ങനെ പലതും എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സർവീസ് ആണ് റോറോ ട്രെയിൻ സർവിസ്. ചരക്കു കൊണ്ടുപോകുന്ന വണ്ടികൾ, അതായത് ലോറികൾ, ചരക്കു സഹിതം ഈ ട്രെയിനുകളിൽ കയറ്റി മറ്റൊരു സ്ഥലത്തു സ്ഥലത്തു ഇറങ്ങി പോകാൻ കഴിയുന്ന സർവിസ് ആണ് ഇത്.
ചുരുക്കത്തിൽ പറഞ്ഞാൽ ചരക്ക് ലോറികളെയും കൊണ്ടു ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് പോകുന്ന തീവണ്ടി സർവിസ് ആണ് റോറോ ( RORO) ട്രെയിൻ സർവിസ്.
റോറോ ( RORO ) സർവിസ് റൂട്ട്
ഇന്ത്യയിൽ റോറോ ട്രെയിൻ സർവിസ് വിജയകരമായി കൊണ്ടുപോകുന്നത് എന്റെ അറിവിൽ കൊങ്കൺ റയിൽവേ മാത്രമാണ്. ഇവരെ കൂടാതെ മറ്റു ചില റെയിൽവേ സോണുകൾ ഈ സർവിസ് പരീക്ഷിച്ചു.എങ്കിലും പരാജയപ്പെട്ടതായി തോന്നുന്നു.
കൊങ്കൺ റയിൽവെ കോർപറേഷൻ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ചു പിൻവരുന്ന നാലു സ്റ്റേഷനുകൾക്കു ഇടയിൽ ആണ് റോറോ ട്രെയിൻ ( RORO) സർവിസ് നിലവിൽ ലഭിക്കുക.
1. Kolad - Verna
2. Verna - Suratkal
3. Surathkal - Kolad
4. Ankola - Surathkal
റോറോ ട്രെയിൻ സർവിസ് പ്രവർത്തനം
മുകളിൽ കൊടുത്തിരിക്കുന്ന സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ നിന്നു ലോറികൾ ട്രെയിൻ വാഗണിൽ കയറ്റാൻ സാധിക്കും. ലോറികൾ കയറ്റാനായി ഇന്ത്യൻ റയിൽവേയുടെ BRN വാഗണുകൾ ആണ് ഉപയോഗിക്കുന്നത്. ലോറികൾ കയറ്റാനുള്ള രാമ്പ് സൗകര്യം മുകളിൽ പറഞ്ഞ സ്റ്റേഷനുകളിൽ ഉണ്ട്. ഇതു കൂടാതെ brn വാഗണുകളിൽ ലോറികൾ ഓടിച്ചു കൊണ്ടുപോകാനുള്ള സൗകര്യവും റെയിൽവേ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഈ യാത്രയിൽ ലോറിയുടെ ഡ്രൈവർക്കും ക്ലീനർക്കും ഈ ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റും. അവരുടെ ലോറിയിൽ തന്നെ ഉറങ്ങുകയോ മറ്റെന്തെങ്കിലും ചെയ്തോ അവർക്ക് സമയം നീക്കാം.
എന്തുകൊണ്ട് റോറോ (RORO) സർവിസ്?
കൊങ്കൺ റെയിൽവേ പാത കടന്നു പോകുന്നത് പശ്ചിമ ഘട്ടത്തിലെ ദുർഘടം നിറഞ്ഞ പ്രദേശങ്ങളിലൂടെ ആണ്. ഇതിനു സമാനമായി, NH66 ( national highway66) കടന്ന് പോകുന്നു. എന്നാൽ ഈ റോഡിലൂടെ നിറയെ ലോഡുമായി പോകുക എന്നത് ലോറികൾക്ക് വളരെ റിസ്ക് ആണ്. ഈ വഴിയേ റോഡ് മാർഗം ഞാൻ യാത്ര ചെയ്തിട്ടില്ല. അതുകൊണ്ടു അതു എത്ര മാത്രം ബുദ്ധിമുട്ടുള്ളത് ആണെന്ന് എനിക്ക് വിവരിക്കാൻ കഴിയില്ല.
ഈ പ്രശനം പരിഹരിക്കാൻ റോറോ ട്രെയിൻ സർവിസ് സഹായിക്കും.അതുകൂടാതെ റോഡിൽ ട്രാഫിക്കു കുറയും, ലോറികളുടെ ടയറിന്റെ തേയ്മാനം ഉണ്ടാകില്ല, മലിനീകരണം ഉണ്ടാകില്ല. റെയിൽവേക്കും ലോറി ഓണർക്കും ഒരുപോലെ ലാഭകരം ആണ് ഈ സർവിസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ