WHAT IS RAC?
RAC യുടെ മുഴുവൻ രൂപം Reservation Against Cancellation എന്നത് ആണ്. RAC ടിക്കറ്റ് കൈവശമുളള യാത്രക്കാരന് സീറ്റ് ഉറപ്പ് ആണ്,പക്ഷെ ബെർത്തിന്റെ കാര്യത്തിൽ ഉറപ്പില്ല. എന്നാൽ ഇതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ RAC ticket confirmed ആയി കിട്ടാൻ സാധ്യതയുണ്ട്. ഞങ്ങളുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്, ബുക്ക് ചെയ്തപ്പോൾ RAC ആയിരുന്നെങ്കിൽ യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ അവ confirmed ആയി കിട്ടി.
.ഇതു വരെ ഞാൻ നടത്തിയ ട്രെയിൻ യാത്രകളിൽ ഏറ്റവും ദൈർക്യമേറിയത് ബാംഗ്ലൂർ വരെ ഉളള യാത്ര ആയിരുന്നു. പക്ഷെ അതിനു ഒരു മാറ്റം വന്നത് ജനുവരി 20 ന് ആണ്. സമയം ഉച്ച കഴിഞ്ഞിരുന്നു. നല്ല വെയിലുള്ള കാലാവസ്ഥ. എറണാകുളം സൗത്ത് അല്ലെങ്കിൽ എറണാകുളം ജംഗ്ഷൻ എന്നൊക്കെ അറിയപ്പെടുന്ന സ്റ്റേഷനിൽ ഞാൻ എത്തി. പുറത്തു ഒരു rucksack ബാഗ്, മുമ്പിൽ ഒരു backpack, കയ്യിൽ മറ്റൊരു ബാഗ് ഇത്രെയും ലഗേജ് ആണ് കൈവശം ഉള്ളത്. ട്രെയിൻ എത്തേണ്ടത് 2:50 (14:50)നാണ്. വരാൻ സമയം ഉണ്ടായിരുന്നു എന്നതുകൊണ്ടു കുറച്ചു സമയം അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഇരുന്നു സമയം നീക്കി. ഇടയ്ക്കു ഒരു മൊബൈൽ ആപ്പിൽ കയറി നോക്കിയപ്പോൾ ട്രെയിൻ ഏതാനും മിനിറ്റുകൾ ലേറ്റ് ആണെന്ന് കാണിച്ചു. സ്റ്റേഷനിലെ ഉച്ചഭാഷിണി അഥവാ സ്‌പീക്കർ പിറുപിറുക്കാൻ തുടങ്ങി, എനിക്ക് യാത്ര ചെയ്യാനുളള ട്രെയിനിന്റെ വരവറിയിച്ചുള്ള announcement അവിടെയുള്ള എല്ലാ സ്പീക്കറുകളിലും മുഴങ്ങി. ഞാൻ സീറ്റിൽ നിന്നെഴുനേറ്റു.
കൂടുതൽ വായിക്കുക: എന്റെ ബാംഗ്ലൂർ യാത്ര
ഒന്നാം ദിവസം(Day-1)
19577, തിരുനെൽവേലിയിൽ നിന്നും ജാംനഗർ വരെ പോകുന്ന ജാംനഗർ എക്സ്പ്രസ് പതിയെ ഒന്നാം നമ്പർ platformൽ എത്തിച്ചേർന്നു. ഏതു എൻജിൻ(locomotive) ആണ് അന്ന് ജാംനഗർ എക്സ്പ്രെസ്സുമായി എത്തി ചേർന്നത് എന്നു ഞാൻ ഓർക്കുന്നില്ല. എന്തായിരുന്നാലും 2 കാര്യങ്ങൾ ഓർക്കുന്നു, അതു ഒരു ഡീസൽ ലോക്കോ ആണ്, നീല നിറവും ആണ്. അങ്ങനെ ഞാൻ ട്രെയിനിൽ കയറി. സ്ലീപ്പർ ക്ലാസ് compartment ലെ side upper, side lower ഈ രണ്ടു സീറ്റുകളാണ് ഞങ്ങളുടേത്. സീറ്റ് നമ്പർ കണ്ടുപിടിച്ചു ലഗ്ഗേജ് ഒതുക്കി വച്ചു, യാത്രയാക്കാൻ വന്ന വീട്ടുകാരെ നോക്കി ഞാൻ ഇരുന്നു, തീവണ്ടി നീങ്ങി തുടങ്ങിയപ്പോൾ പുറത്തെ കാഴ്ചകളിലേക്കു കണ്ണുകൾ പാഞ്ഞു. തീവണ്ടി യാത്രകളിൽ ഈ സീറ്റ് എനിക്ക് ഇഷ്ടമാണ് കാരണം, window seat ആയതിനാൽ പുറത്തെ കാഴ്ചകൾ ഒരു തടസ്സവും ഇല്ലാതെ കണ്ടിരിക്കാം. രാത്രി ആയാൽ ആ ഇഷ്ടം കുറയും അതിന്റെ കാരണം പിന്നീട് പറയാം. ട്രെയിൻ നീങ്ങിത്തുടങ്ങി മിനിറ്റുകൾ കഴിഞ്ഞു ,ഇപ്പോഴും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. മുൻ ദിവസങ്ങളിൽ പെയ്ത മഴയുടെ ഫലമായിട്ടു ആണെന് തോന്നുന്നു, വഴികളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട്, പലയിടത്തും കറുത്ത അഴുകിയ നിലയിലുള്ള മാലിന്യങ്ങളും കുന്നു കൂടി കിടക്കുന്നു. എറണാകുളം ksrtc ബസ് സ്റ്റേഷനും, മറ്റു ചില റെയിൽവേ സ്റ്റേഷനുകളും കണ്മുന്നിലൂടെ മാറി മറിഞ്ഞു. അങ്ങനെ ട്രെയിൻ അടുത്ത സ്റ്റോപ്പിൽ എത്തിയിരിക്കുന്നു, ആലുവ.
ആലുവ സ്റ്റേഷനിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കാത്തുനില്കുന്നുണ്ടായിരുന്നു. ഭാര്യയോടൊപ്പം ആണ് ചേട്ടായി അവിടെ വന്നത്. ഞാൻ ആവശ്യപ്പെട്ട ചില പുസ്തകങ്ങൾ കൈമാറി എന്നോട് യാത്ര പറഞ്ഞു അവർ യാത്ര ആയി. ട്രെയിൻ ആ സ്റ്റേഷനും വിട്ടു. ആലുവ വിട്ടാൽ പിന്നെ പെരിയാർ കുറുകെ കടക്കണം.ട്രെയിന്റെ വേഗത കൂടുന്നുണ്ട്. ഇനി അടുത്ത സ്റ്റോപ്പുള്ള സ്റ്റേഷൻ തൃശൂർ, പിന്നെ ഷൊർണ്ണൂർ അങ്ങനെ അങ്ങനെ യാത്ര നീളും.
ട്രെയിനിന്റെ ഉള്ളിലെ വിശേഷങ്ങൾ പറയാം. Compartments എല്ലാം ICF കോച്ച് ആണ്. അതായത് നമ്മുടെ നീല നിറമുള്ള കോച്ച്. കാഴ്ചയിൽ തന്നെ പഴക്കമുള്ള ഒന്നാണ് എന്നു വ്യക്തം. അതു കണ്ടപ്പോൾ മുമ്പ് വായിച്ച ഒരു പത്ര വാർത്ത ഞാൻ ഓർത്തു പോയി. Southern railway ക്ക് എപ്പോഴും ലഭിക്കുക പഴക്കം ചെന്ന കോച്ചുകൾ ആണ് എന്നൊരു ആക്ഷേപം. വാർത്തയുടെ സത്യാവസ്ഥ എനിക്കറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, ഈ കോച്ച് പഴക്കമുള്ളത് ആണ്. പഴക്കം മാത്രമല്ല വൃത്തിയും കുറവാണ്. യാത്രക്കാരിൽ ചിലർ മലയാളികൾ ആണ്, ബാക്കിയുള്ളവർ ഉത്തരേന്ത്യക്കാരും. അതും കുടുംബം ഒന്നിച്ചു യാത്ര ചെയ്യുന്നവർ. യാത്രക്കാരിൽ വർത്തമാനം ആരോടെങ്കിലും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ഇടയ്ക്കു TTR വന്നു, ഞാൻ എന്റെ ഐഡി കാർഡ് കാണിച്ചു,കൂടെയുള്ള ആൾ കണ്ണൂരിൽ നിന്നേ കയറുകയുള്ളൂ എന്നും അറിയിച്ചു. തന്റെ കയ്യിലെ പേപ്പറുകളിൽ ഒന്നിൽ പേനകൊണ്ടു വരച്ചതിനു ശേഷം അദ്ദേഹം മുമ്പോട്ടു പോയി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു ഈ ട്രെയിനിൽ കയറാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാൾ ഞാൻ ഇരുന്ന സീറ്റിനു തൊട്ടടുത്തു ഇരുന്നു. അയാളോട് ഞാൻ സംസാരിച്ചു. ആള് ഒരു കട നടത്തുന്നു. ഇപ്പോഴത്തെ ഈ യാത്ര സാധനങ്ങൾ ബൾക് ആയി വാങ്ങാൻ ബോംബെക്ക് പോകുന്ന വഴി ആണ്. സത്യം പറഞ്ഞാൽ അദ്ദേഹത്തെ പരിജയപ്പെട്ടത് കൊണ്ടാണ് കച്ചവടക്കാർക്ക് ഇങ്ങനെ ഒരു രീതിയുള്ളതായി ഞാൻ അറിഞ്ഞത്. വൈകുന്നേര സമയത്തു ട്രെയിൻ കയറി അടുത്ത ദിവസം പകൽ സമയത്തു ഷോപ്പിങ് നടത്തി നാളെ വൈകിട്ടു തിരിച്ചു നാട്ടിലേക്ക് ട്രെയിൻ കയറുക. ഇതാണ് ഇവരുടെ പതിവ്. ആ യാത്രയിൽ അദ്ദേഹം എന്നോട് വീണ്ടും സംസാരിച്ചത്, TTE വീണ്ടും വന്നു പോയതിനു ശേഷം ആണ്. TTE വന്നപ്പോൾ അദ്ദേഹം തന്റെ കയ്യിലെ സാധാ ഒരു ടിക്കറ്റ് കാണിച്ചു, പിന്നെ ആ ടിക്കറ്റ് സ്ലീപ്പറിലേക്കു അപ്ഗ്രേഡ് ചെയ്തു വാങ്ങി. തന്റെ സന്തോഷം എന്ന നിലയിൽ അയാൾ TTE ക്ക് നീട്ടിയ പണം അദ്ദേഹം മാന്യമായി നിരസിച്ചു. TTE നടന്നു നീങ്ങിയത്തിനു ശേഷം ആ ചേട്ടൻ ആ TTE നല്ലൊരു ആൾ ആണ് എന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ള ചില TTE മാർ പണം ചോദിച്ചു വാങ്ങുമത്രെ. സ്ഥിരയാത്രകാരനായ അദ്ദേഹത്തെ അനുഭവം ഞാൻ കേട്ടിരുന്നു. ഇനി ഒരു യാത്രയിൽ അങ്ങനെ സംഭവിച്ചാൽ അതു നന്നായി വിവരിക്കാം.
പുറത്തു ഇരുട്ടു ആണ്. ട്രെയിൻ അതിവേഗം നീങ്ങുന്നു. പുറത്തു കാണുന്ന കാഴ്ചകൾ എന്നു പറയാൻ ആകെ ഉള്ളത് വീടുകളിലെ വെളിച്ചങ്ങളും, വാഹനത്തിന്റെ ഹെഡ്ലൈറ്റും ഒക്കെയാണ്. സമയം ഏതാണ്ട് 8 മണിയോട് അടുക്കുന്നു, ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പതിയെ എത്തിച്ചേർന്നു. ഞാൻ ഡോറിന് അടുത്തു ചെന്നു, പാപ്പൻ അവിടെ നിൽക്കുന്നത് കണ്ടു കൈ വീശി എന്തായാലും റെയിൽവേ സ്റ്റേഷനിലെ വെളിച്ചത്തിൽ എന്നെ കണ്ടു പാപ്പൻ അടുത്തേക്ക് വന്നു. അങ്ങനെ ട്രെയിനിന് അകത്തു ഞങ്ങൾ കയറി.യാത്ര വീണ്ടും തുടർന്ന്. ഇവിടെ എത്തി എന്നറിയില്ല പുറത്തു ഇരുട്ടു മാത്രം, ഇനി ട്രെയിൻ നിർത്തുക കാസർഗോഡ് സ്റ്റേഷനിൽ ആണ്. സമയം നീണ്ടു പോകുന്നു ചെയ്യാനുള്ള കാര്യങ്ങളും കുറവ്. എങ്കിൽ പിന്നെ അത്താഴവും കഴിച്ചു കിടന്നാലോ എന്നായി. അങ്ങനെ അത്താഴം കഴിച്ചു ഞാൻ മുകളിലെ ബെർത്തിലേക്കു കയറി. ഇവിടെയാണ് side upper berth ഒരു പ്രശ്നക്കാരൻ ആകുന്നതു. അവിടെ നമുക്ക് കാലുകൾ നീട്ടി വച്ചു കിടക്കുക സാധ്യമല്ല. നമ്മൾ കാലുകൾ മടക്കി വേണം കിടക്കാൻ. അങ്ങനെ കാലുകൾ മടക്കി വച്ചു ആ രാത്രിയുടെ യാമങ്ങളിലേക്കു ഞാൻ മയങ്ങി.
രണ്ടാം ദിവസം( Day-2)
കഴിഞ്ഞ രാത്രിയിലെ ഉറക്കം വളരെ നല്ലതായിരുന്നു. ഉറക്കം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായില്ല എന്നു വേണം പറയാൻ. ഇടയ്ക്കു തണുപ്പ് കൂടി വന്നപ്പോൾ കുറചു കൂടെ ചുരുണ്ടു കൂടി കിടക്കേണ്ടി വന്നു എന്ന് മാത്രം. പുറത്തെ കാഴ്ചകൾ വളരെ മനോഹരം ആയിരുന്നു. എങ്ങും മരങ്ങളും കുറ്റിച്ചെടികളും ഒക്കെ നിറഞ്ഞ പ്രദേശത്തു കൂടെയാണ് ട്രെയിൻ ഇപ്പോൾ നീങ്ങുന്നത്. പക്ഷെ ഇതൊന്നും കൃഷിയിടങ്ങൾ ആയിരുന്നില്ല. ഇപ്പോൾ ട്രെയിൻ യാത്ര ചെയ്യുന്നത് മഹാരാഷ്ട്രയുടെ ഭാഗമായ പ്രദേശത്തു കൂടെ ആയിരിക്കണം. കാരണം കഴിഞ്ഞ രാത്രിയിൽ തന്നെ മഡ്ഗാവ് സ്റ്റേഷൻ ഒക്കെ ട്രെയിൻ പിന്നിട്ടിരുന്നു. കൊങ്കണ് റയിൽവേയുടെ ഭാഗമായ ഈ പ്രദേശത്തിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഇടയ്ക്കിടെ ചില തുരങ്കങ്ങളിലൂടെ ട്രെയിൻ യാത്ര ചെയ്യും.അപ്പോൾ യാത്രക്കാരിൽ ചിലർ കൂകിവിളിക്കും.ആ ശബ്ദം അവിടെ പ്രതിധ്വനിച്ചു കേൾക്കാം. തുറങ്കത്തിനു പുറത്തെത്തിയാൽ കാര്യങ്ങൾ പഴയ പടി. ധാരാളം ചെറു പാലങ്ങളും അവയുടെ ചുവട്ടിലൂടെ ഒഴുകുന്ന ചെറു തോടുകളും എല്ലാം അതിന്റെ ഭംഗി വർധിപ്പിച്ചു കൊണ്ടിരുന്നു. ഈ ഭാഗങ്ങളിൽ പലയിടത്തും മൊബൈലിന് സിഗ്നൽ ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ ട്രെയിൻ ഇപ്പോൾ എവിടെയാണ് എന്നത് അവ്യക്തം ആണ്. സമയം കടന്നു പോയി.ഇടയ്ക്കു സിഗ്നൽ ലഭിച്ചപ്പോൾ ആണ് മനസിലായത് ട്രെയിൻ അല്പം ലേറ്റ് ആയി ഇപ്പോൾ ഓടുന്നത്.
ഇടയ്ക്ക് എവിടെയോ ഒരിടത്തു വച്ചു konkan railway യുടെ ഭാഗമായി നടത്തുന്ന RoRo train കാണാൻ അവസരം ലഭിച്ചു. സംഭവം കൊള്ളാലോ, കണ്ട മാത്രയിൽ അതാണ് ആരുടെയും മനസിൽ എത്തുക. ഒരു തീവണ്ടി എൻജിൻ, കുറെ ലോറികളുമായി, അതും നിറയെ ലോഡും ഉള്ള ലോറികളെ flat bed ൽ വച്ചു കൊണ്ടുവരുന്നു. അക്കൂട്ടത്തിൽ കേരള രജിസ്ട്രേഷൻ ഉള്ള ചില ലോറികളും കണ്ടും. മംഗലാപുരം സൈഡിലേക്കാണ് അവ പോകുന്നത്. ലോറികളിലെ ഡ്രൈവർ മാരിൽ ചിലരൊക്കെ ഉറങ്ങുന്നുണ്ട്. ചിലരൊക്കെ ഉണർന്നു ഇരിക്കുന്നു, മൊബൈലിൽ നോക്കുന്ന.,അങ്ങനെ ഒക്കെ ആ കാഴ്ച മറഞ്ഞ് പോയി.
രത്നാഗിരി- കൊങ്കണ് റയിൽവേയുടെ ഭാഗമായ ഒരു പ്രധാന സ്റ്റേഷനിലേക്ക് ട്രെയിൻ അല്പം വൈകിയാണ് എത്തി ചേർന്നത്. കാഴ്ചയിൽ വലിയ സ്റ്റേഷൻ തന്നെ ആയിരുന്നു രത്‌നാഗിരി. അവിടെ എത്തുമ്പോൾ അവിടെ കാര്യമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുക ആയിരുന്നു. സ്റ്റേഷന്റെ മോഡി കൂട്ടാൻ ഉള്ള പരുപാടി ആണെന്ന് തോന്നുന്നു. Platform ഒക്കെ കുത്തി ഇളക്കി ഇട്ടിരിക്കുന്നു, അവിടെ ഇവിടെ ധാരാളം ആളുകൾ പണിയെടുക്കുന്നു. പിന്നെ മൊത്തത്തിൽ ഒരു പൊടി നിറഞ്ഞ ചുറ്റുപാട്. ഇതിനിടയ്ക്ക് ഞാൻ ഒരു ചായ കുടിച്ചു, രാവിലത്തെ breakfast ഉം അകത്താക്കിയിരുന്നു. ഞാൻ ചായ വാങ്ങിയ കൂട്ടത്തിൽ പാപ്പനും വേണ്ടേ എന്നു ചോദിച്ചു. പാപ്പൻ ട്രെയിനിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല എന്നു പറഞ്ഞു. മുമ്പ് എപ്പോഴോ train ഭക്ഷണം പാപ്പനെ ചതിച്ചിട്ടുണ്ട്. എനിക്കും ഒരിക്കൽ പണി തന്നിട്ടുണ്ട്,പക്ഷെ അത് അത്ര കാര്യമായി ബാധിച്ചിരുന്നില്ല. അതുകൊണ്ടു ഞാൻ ഇപ്പോഴും ഓരോ ചായ ഒക്കെ കുടിക്കും. ട്രെയിൻ രത്നാഗിരി സ്റ്റേഷൻ വിട്ടു. ഇനി പനവേൽ സ്റ്റേഷൻ വരെ ഒരൊറ്റ പോക്ക് ആണ്. ഇടയ്ക്കു മറ്റെവിടെയും സ്റ്റോപ്പ് ഇല്ല. പക്ഷെ ഇടയ്ക്കു സിഗ്നൽ കിട്ടാതെ വന്നപ്പോൾ ട്രെയിൻ നിർത്തിയിട്ടു.
ഉച്ചതിരിഞ്ഞ് എപ്പോഴോ ആണ് ട്രെയിൻ പനവേൽ സ്റ്റേഷനിൽ എത്തിയത് എന്ന് തോന്നുന്നു. ഇവിടെ ഓർഡർ ചെയ്യുന്ന പക്ഷം നമുക്ക് കേരള ഫുഡ് വാങ്ങാൻ കിട്ടും. അതറിഞ്ഞത് compartmentലെ ടോയ്ലറ്റിൽ ചെന്നപ്പോൾ ആണ്. പണ്ടൊക്കെ ട്രെയിൻ ടോയ്‌ലറ്റ് ചിത്രപണിക്കും നമ്പർ എഴുതാനും ഒക്കെ ആണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് അതു ഒരു പരസ്യ കേന്ദ്രവും ആയി മാറിയിട്ടുണ്ട്. എന്തായാലും ആ ഭക്ഷണം ഞാൻ വാങ്ങിയില്ല. പകരം പനവേലിൽ വെച്ചു ഒരു ചായ കൂടി കുടിച്ചു. പിന്നീടുള്ള റൂട്ടുകൾ അപരിചിതമായത്കൊണ്ടു കണ്ട പല കാഴ്ചകളും മറന്നു പോയി. പനവേൽ വിട്ടതിനു ശേഷം ഉള്ള കാഴ്ചകൾ ധാരാളം വെള്ളം നിറഞ്ഞ ചതുപ്പുകളോ കുളങ്ങളോ ഒക്കെ ആയിരുന്നു. കാണാൻ നല്ല ഭംഗി തോന്നിയവ. അവയുടെ കരയിൽ പശുക്കൾ പുല്ല് തിന്നു നടക്കുന്നുണ്ടായിരുന്നു
പിന്നീട് ഞങ്ങൾ എത്തിയത് സൂററ്റ് സ്റ്റേഷനിൽ ആണ്. അതിലൂടെ കടന്നു പോകുമ്പോൾ ചുറ്റുമുള്ള തുണി മില്ലുകളും ഫാക്ടറികളും ഒക്കെ കാണാൻ സാധിച്ചു. എന്നാൽ ആ ഫാക്ടറികൾ കൂടാതെ മറ്റു വലിയ പ്രസ്ഥാനങ്ങളും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കുടുംബം(മലയാളികൾ അല്ല) അവിടെ ഇറങ്ങി. ട്രെയിൻ സുരറ്റും വിട്ടു മുന്നോട്ടു നീങ്ങി. അങ്കലേശ്വർ എന്ന സ്റ്റേഷൻ പിന്നിട്ടതും പിന്നെ നർമദ നദിയുടെ കുറുകെ കടന്നതും ഒക്കെ ഞാൻ ഓർക്കുന്നു. ഇടയ്ക്കെപ്പോഴോ മറ്റൊരു TTE വന്നു വീണ്ടും ടിക്കറ്റ് പരിശോധിച്ചു. അങ്ങനെ ഒരു അനുഭവം എനിക്കാദ്യമായിട്ടു ആണ്. ഈ സമയം വരെ പാപ്പൻ ഒരു ഗ്ലാസ് ചായ പോലും ട്രെയിനിൽ നിന്ന് വാങ്ങിയിട്ടില്ല. പുറത്തെ കാഴ്ചകൾ കണ്ടും ഇടയ്ക്കുറങ്ങിയും പാപ്പൻ സമയം നീക്കി.
അധികം വൈകാതെ, അല്ല നേരത്തെ തന്നെ ട്രെയിൻ വഡോദര റെയിൽവേ സ്റ്റേഷനിൽ എത്തുമായിരുന്നു. പക്ഷെ, സ്റ്റേഷനിൽ ഏതാനും കിലോമീറ്ററുകൾ ബാക്കി ഉള്ളപ്പോൾ ട്രെയിൻ വീണ്ടും പിടിച്ചിട്ടു. അതിനു ശേഷം ഏതാനും മിനുറ്റ് മുമ്പ് ട്രെയിൻ വഡോദര സ്റ്റേഷനിലെ 2-ആം നമ്പർ platformൽ എത്തി ചേർന്നു. കാലാവസ്ഥ മാറിയിരുന്നു, ചെറുതായി തണുപ്പുണ്ട്. അങ്ങനെ സാധനങ്ങൾ ഒക്കെ പെറുക്കിയെടുത്ത് ഞങ്ങൾ ട്രെയിനിൽ നിന്നിറങ്ങി. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഗുജറാത്തിന്റെ മണ്ണിൽ എന്ടെ ചെരുപ്പിട്ട കാലുകൾ സ്പർശിച്ചു. ട്രെയിൻ ഇവിടെ ഏതാനും മിനിറ്റുകൾ അവിടെ നിർത്തിയിടും. ഞങ്ങൾ പതിയെ സ്റ്റേഷന് പുറത്തെത്തി. ഇനി വീട്ടിലേക്കു.
TRAIN NO | 19577 |
NAME | JAMNAGAR EXPRESS |
ORIGIN | TIRUNELVELI, TAMILNADU |
DESTINATION | JAMNAGAR,GUJARAT |
TRAIN TYPE | EXPRESS |
യാത്രാവിവരണം : നാട്ടിലേക്ക് തിരിച്ചുള്ള യാത്ര തുറന്തോ സ്പെഷ്യൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ