ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചു വന്നു അധികം വൈകാതെ കോവിഡ് പടർന്ന് പിടിച്ചതിനെ തുടർന്ന് ലോക്ക്ഡൗൻ വന്നു. അങ്ങനെ ഏപ്രിൽ മാസത്തിൽ വീട്ടിൽ പോകാനുള്ള പദ്ധതി പൊളിഞ്ഞു. ടിക്കറ്റ് ക്യാൻസൽ ആയി. ടിക്കറ്റ് റീഫണ്ട് അക്കൗണ്ടിൽ ഏതാനും ദിവസത്തിനുള്ളിൽ എത്തി. പിന്നീടുള്ള മാസങ്ങൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കുടുങ്ങി. ഇടയ്ക്കു പലപ്പോഴായി പുറത്തു പോയി. പക്ഷെ ഭയം കാരണം പരമാവധി ശ്രദ്ധയോടെയായിരുന്നു എല്ലാ കാര്യങ്ങളും.
മാസങ്ങൾ കഴിഞ്ഞു പോയിട്ടും രോഗവ്യാപനത്തിന് ഒരു ശമനവും ഇല്ല. ലോക്ക് ഡൗണുകൾ പിൻവലിച്ചു. ജനജീവിതം സാധാരണ രീതിയിലേക്ക് നീങ്ങി. പലരും മാസ്കും, സാമൂഹിക അകലം പാലിക്കലും ഒക്കെ ഉപേക്ഷിച്ചു. പിന്നീട് വന്ന തരംഗം ആദ്യത്തേതിലും മാരകമാണ് എന്നു എല്ലാവരും അറിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. എന്തായാലും അതിനു മുമ്പേ നാട്ടിലേക്ക് തിരിച്ചെത്താൻ എനിക്ക് കഴിഞ്ഞു. കോവിഡ് കാലത്തെ ആ യാത്രയെക്കുറിച്ചു പറയാം:
വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
വഡോദര റെയിൽവേ സ്റ്റേഷൻ കെട്ടിടം
രാവിലെ 8:30 യോടെ ആണ് ഞങ്ങൾ വഡോദര റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ നനവും ഈർപ്പവും എല്ലാം ഇപ്പോഴും അവിടെ കാണാനുണ്ട്. സ്റ്റേഷനിൽ പഴയ തിരക്കൊന്നുമില്ല, അവിടെയും ഇവിടെയും ഒക്കെയായി ചില ആളുകൾ നിൽക്കുന്നു എന്നു മാത്രം.
ഞങ്ങൾ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന് അകത്തേക്ക് കയറി. പ്ലാറ്റ്ഫോമിലേക്ക് നേരെ ചെല്ലാൻ അനുവാദം ഉണ്ടായിരുന്നില്ല.അങ്ങോട്ടക്കുള്ള എൻട്രൻസ് ബാരിക്കേഡുകൾ കൊണ്ടു മറച്ചിരിന്നു. അതിനുള്ളിൽ വെള്ള ഷർട്ടും വെള്ള പാന്റ്സും ധരിച്ച റെയിൽവേ ഉദ്യോഗസ്ഥർ ഒരു മേശയ്ക്കരികിൽ ഇരിക്കുന്നു. ചോദിച്ചപ്പോളാണ് അറിഞ്ഞത് ട്രെയിൻ വരുന്നതിനു കുറച്ചു മുമ്പ് മാത്രമേ അകത്തേക്ക് വിടൂ എന്ന്. അങ്ങനെ സ്റ്റേഷൻ കെട്ടിടത്തെ താങ്ങി നിർത്തുന്ന ഒരു തൂണിന് ചുറ്റുമുള്ള കെട്ടിൽ ഇരിപ്പുറപ്പിച്ചു.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ശക്തമായ മഴയുണ്ട്. കൊങ്കൻ ഭാഗത്തെ ഒരു തുരങ്കത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് തീവണ്ടികൾ ചിലതു റദ്ദ് ചെയ്തിരുന്നു. പിന്നെ സർവിസ് പുനരാരംഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്.ഈ വാർത്ത വീട്ടിലും അറിഞ്ഞിരുന്നു. അതുകൊണ്ടു യാത്ര പുറപ്പെടുന്നത്തിന് മുമ്പ് തന്നെ കുറച്ചു അധിക ഭക്ഷണം കയ്യിൽ കരുതാൻ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. വഴിക്ക് എവിടെയെങ്കിലും പെട്ടു പോയാൽ അകത്തേക്ക് വല്ലതും ചെല്ലണമല്ലോ.
അങ്ങനെ ഞാൻ വീണ്ടും റെയിൽവേ സ്റ്റേഷന് പുറത്തേക്കു നടന്നു. റെയിൽവേ സ്റ്റേഷന്റെ പുറത്തെ കവാടത്തിനു അടുത്തു 2 വനിത പോലീസ്കാർ ഇരിക്കുന്നുണ്ട്. അവരെ കടന്നു ഞാൻ പുറത്ത് റോഡിൽ എത്തി. അവിടെ നിന്നും റോഡ് കുറുകെ കടന്ന് മുമ്പോട്ടു നടന്നു. വഴിയിൽ കെട്ടിക്കിടന്ന വെള്ളത്തിൽ ചവിട്ടാതെ സൂക്ഷിച്ചു ആണ് പോകുന്നത്. അങ്ങനെ കയറിയ രണ്ടാമത്തെ കടയിൽ നിന്നും ബ്രെഡും കുറച്ചു കശുവണ്ടിയും വാങ്ങി ഞാൻ തിരികെ സ്റ്റേഷനിലേക്ക്.
പ്ലാട്ഫോം 1 പിന്നെ 3ലേക്ക്
ഞങ്ങൾ സ്റ്റേഷനിൽ എത്തിയിട്ട് ഒരു മണിക്കൂർ ആകാറായി. അപ്പോഴേക്കും ഞങ്ങൾക്ക് അകത്തേക്ക് കയറാനായി അനുവാദം ലഭിച്ചു. റെയിൽവേ ജീവനക്കാർക്കും പ്ലാറ്റ്ഫോമിനും ഇടയിൽ ഞങ്ങൾ കടക്കേണ്ട ഒരു കടമ്പ കൂടിയുണ്ട്. അവിടെ 3 പൊലീസുകാർ കാത്തു നിൽക്കുന്നു.അവരുടെ കയ്യിൽ ഒരു gun ഉണ്ട്. അതു അവർ ഓരോരുത്തരുടെയും നെറ്റിക്കു നേരെ നീട്ടി. എന്തായാലും കുഴപ്പകാരല്ല എന്നു മനസിലാക്കിയതിനാൽ അവർ അകത്തേക്ക് കയറ്റി വിട്ടു. പറഞ്ഞു വന്നത് temperature gun ന്റെ കാര്യമാണ് എന്നു മനസിലായി കാണുമല്ലോ. കോവിഡ് സമയത്തു ഈ gun മറ്റു പലയിടത്തും ഉപയോഗത്തിൽ വന്നു ,മാളുകളിൽ, കടകളിൽ, ബാങ്കിൽ.....അങ്ങനെ പലയിടത്തും.
ഞങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആണ്. ഞങ്ങളുടെ ട്രെയിൻ വരുന്നത് ആകട്ടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും. അങ്ങനെ കൈ നിറയെ ലഗ്ഗേജുകളും ആയി ഞങ്ങൾ ഓവർബ്രിഡ്ജ് ലക്ഷ്യമാക്കി നടന്നു. റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രശനം ഞങ്ങളുടെ മുമ്പിൽ ഒരു മല പോലെ പ്രത്യക്ഷപ്പെട്ടു.
ഈ പടികളുടെ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്. കയ്യിൽ ആവശ്യത്തിലധികം ലഗ്ഗേജ് ഉണ്ട്. അതുപോലെ തന്നെ അതിന്റെ ഭാരവും. നടക്കുന്നത് തന്നെ ബുദ്ധിമുട്ടി ആണ്. അതു പോരാതെ ഇനി ഇതു ചുമന്നു കയറ്റണം. അങ്ങനെ ഓരോ പടികളും കയറി ഞങ്ങൾ വളരെ ബുദ്ധിമുട്ടി മുകളിൽ എത്തി. ഓവർ ബ്രിഡ്ജിലൂടെ അപ്പുറത്തേക്ക് നടക്കുമ്പോൾ അവിടെ ഒരു led board ൽ ഞങ്ങളുടെ ട്രെയിനിന്റെ പെരു തെളിഞ്ഞു കാണാം.
02284 Duranto covid special Hazrat Nizamudheen - Ernakulam jn.
കോവിഡ് മഹാമാരി കാരണം നിർത്തിവച്ചിരുന്ന ഇന്ത്യൻ റയിൽവേയുടെ പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചപ്പോൾ കോവിഡ് സ്‌പെഷ്യൽ എന്ന വിശേഷണം ട്രെയിനിന്റെ പേരിനൊപ്പം ചേർത്തിരുന്നു. ഞങ്ങൾ തിരികെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതും അത്തരത്തിൽ ഒരു കോവിഡ് സ്‌പെഷ്യൽ ട്രെയിനിൽ ആണ്. ഹസ്രത്ത് നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നു പുറപെട്ടു എറണാകുളം ജംഗ്ഷൻ വരെ പോകുന്ന തീവണ്ടി നമ്പർ 02284 കോവിഡ് സ്‌പെഷ്യൽ തുരന്തോ എക്സ്പ്രസ്.
തീവണ്ടി കഴിഞ്ഞ രാത്രിയിൽ നിസാമുധീനിൽ നിന്നു പുറപ്പെട്ടതാണ്. അങ്ങനെ ഒരു രാത്രി മുഴുവൻ യാത്ര ചെയ്തു ട്രെയിൻ വഡോദര സ്റ്റേഷനിൽ എത്തി ചേർന്നു ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് തന്നെ സ്റ്റേഷനിൽ എത്തി ചേർന്നു. വഡോദര ഇലക്ട്രിക്ക് ഷെഡിൽ നിന്നുള്ള ഒരു WAP7 ലോകോമോട്ടീവ് ആണ് തുരന്തോ എക്സ്പ്രസുമായി വഡോദരയിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേർന്നത്. ഇവിടെ വച്ചു എലക്ട്രിക് ലോക്കോ മാറ്റി ഡീസൽ ലോക്കോ ഘടിപ്പിക്കും. കാരണം, ഇനി പോകുന്ന റൂട്ടിലെ ഭാഗങ്ങളിൽ ചിലതു വൈദ്യുതികരിച്ചിട്ടില്ല.
ഞങ്ങളുടെ സീറ്റ് റീസെർവഷൻ ചെയ്തിരിക്കുന്നത് സ്ലീപ്പർ കോച്ചിൽ ആണ്. അങ്ങനെ ആ തീവണ്ടിയിലെ s- കോച്ചിൽ ഞങ്ങൾ കയറി.
ട്രെയിനിലെ വിശേഷങ്ങൾ
തുരന്തോ ട്രെയിനുകളുടെ കോച്ചുകൾ അല്ല ഈ സ്‌പെഷ്യൽ ട്രെയിനിന് ഉള്ളത് പകരം ചുവപ്പു നിറത്തിലുള്ള LHB കോച്ചുകൾ ആണ്. ട്രെയിനിൽ നിറയെ ആളുകൾ ഉണ്ടായിയുന്നു. കൂടാതെ വഡോദരയിൽ നിന്നും കുറെയധികം ആളുകൾ കയറി.
മലയാളികൾ മാത്രമായിരുന്നില്ല ട്രെയിനിൽ ഉണ്ടായിരുന്നത്. ലോക്ക് ഡൗണ് കാലത്തു സ്വന്തം നാട്ടിലേക്ക് പോയ തൊഴിലാളികളിൽ പലരും ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചു പോകുകയാണ്. സത്യം പറഞ്ഞാൽ ഞങ്ങൾ ഇരുന്ന ആ സെക്ഷനിൽ ഞങ്ങൾ 3 മലയാളികൾ ഒഴികെ എല്ലാവരും ഹിന്ദിക്കാർ ആയിരുന്നു. പേടിച്ചു ഞാൻ ആദ്യം തന്നെ ചാടി ഏറ്റവും മുകളിലെ ബെർത്തിൽ കയറി കടന്നു.അവിടെ ഇരുന്നു പലരെയും വിളിച്ചു ട്രെയിനിലെ ഭീകരവസ്ഥ പറഞ്ഞു കേൾപ്പിച്ചു.
അതിനിടയിൽ എൻജിൻ മാറ്റിയ ട്രെയിൻ വീണ്ടും യാത്ര തുടങ്ങിയിരുന്നു. ഞാൻ മുകളിൽ ഇരുന്ന സമയത്തു പല സ്റ്റേഷനുകളും കടന്നു പോയി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടത്തെ ആ കിടപ്പു മടുത്തുതുടങ്ങി.ഞാൻ പതിയെ ഇറങ്ങി താഴത്തെ സീറ്റിൽ മറ്റുള്ളവരുടെ കൂടെ ഇരിപ്പുറപ്പിച്ചു. ഞങ്ങളുടെ എതിരായി ഇരിക്കുന്ന യാത്രക്കാരനും മാസ്‌ക് ഉണ്ടായിരുന്നു.എന്നാൽ അയാൾ അതു സുരക്ഷിതമായി ബാഗിനുള്ളിലേക്കു മാറ്റി. ട്രെയിൻ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. എവിടെയും പച്ചപ്പും , വെള്ളകെട്ടുകളും മാത്രം.
ട്രെയിൻ വാപി സ്റ്റേഷനിലൂടെ നിമിഷങ്ങൾക്കകം കടന്നു പോയി. ആ സ്റ്റേഷനിലൂടെ കടന്നു പോകുമ്പോൾ മറ്റൊരു സ്‌പെഷ്യൽ ട്രെയിൻ കണ്ടു. പക്ഷെ പേരു വായിച്ചെടുക്കാൻ കഴിഞ്ഞില്ല. ഈ യാത്രയിൽ കണ്ട മറ്റൊരു പ്രധാന കാഴ്ച, കടന്നു പോകുന്ന പല സ്റ്റേഷനുകളിലും ഏതെങ്കിലും ഒരു ട്രാക്കിൽ ഒരു തീവണ്ടി കാണും, എൻജിൻ കൂടാതെയാണ് എന്നു മാത്രം. കോവിഡ് വന്ന് ട്രെയിൻ സർവീസുകൾ നിർത്തിയപ്പോൾ ഈ ട്രെയിനുകൾ എല്ലാം നിർത്തിയിടാൻ സ്ഥലം വേണ്ടേ, അതാണ് ഓരോ സ്റ്റേഷനുകളിലും ഓരോ ട്രെയിൻ.
ട്രെയിൻ അടുത്തതായി നിർത്തിയത് വസായി റോഡ് (vasai road) സ്റ്റേഷനിൽ ആയിരുന്നു. ഞങ്ങളുടെ ട്രെയിൻ വേഗത കുറച്ച് വസായി റോഡിലേക്ക് എത്തി ചേർന്നപ്പോൾ ഞങ്ങളുടെ തൊട്ടപ്പുറത്തുള്ള പ്ലാറ്റ്ഫോമിൽ ഒരു പച്ച നിറമുള്ള ലോകോമോട്ടീവ് കാണാമായിരുന്നു. അതു ഒരു WAG9 ലോകോമോട്ടീവ് ആയിരുന്നു. അതിനു തൊട്ടു പിന്നാലെ കണ്ടെയ്നറുകളുടെ ഒരു നീണ്ട നിര തെളിഞ്ഞു വന്നു. ഓരോ കണ്ടെയ്നറുകളെയും പിന്നിട്ടു ട്രെയിൻ മെല്ലെ സ്റ്റേഷനിൽ നിന്നു. ട്രെയിൻ ഇവിടെയും നേരത്തെയാണ് എത്തിച്ചേർന്നത്. അപ്പുറത്തെ പ്ലാറ്റ്ഫോമിൽ കാണുന്ന കണ്ടെയ്നറിലെ ഡോറിനടുത് ഒരാൾ നിൽക്കുന്നു, ഒരു കയ്യില്ലാത്ത ബനിയൻ ആണ് വസ്ത്രം. അതെന്തു കണ്ടെയ്നർ ആണ് എന്ന് ഞാൻ ചിന്ദിച്ചു.ഇതിലെന്താ ആളുകളെ കൊണ്ടുപോകുന്നത്? ഇവരിതിനകത്തു തന്നെയാണോ താമസം? അങ്ങനെ പല ചോദ്യങ്ങൾ. ആരോട് ചോദിച്ചാൽ അറിയാൻ പറ്റും? എന്തായാലും അതിന്റെ ഒരു ഫോട്ടോ നിങ്ങളെ കാണിക്കാം:
വസായി റോഡിൽ നിന്ന് ഒരു മലയാളി കുടുംബം ട്രെയിനിൽ കയറി. അവരുടെ സംസാരശൈലി കേട്ടിട്ട് തൃശൂർക്കാർ ആണെന്ന് തോന്നുന്നു. അല്പം കഴിഞ്ഞു തീവണ്ടി സ്റ്റേഷൻ വിട്ടു. ഇനി അടുത്ത സ്റ്റോപ് പനവേൽ സ്റ്റേഷനിൽ ആണ്.
പനവേൽ സ്റ്റേഷൻ
ധാരാളം യാത്രക്കാർ നിറഞ്ഞ പനവേൽ സ്റ്റേഷന് പകരം തിരക്കുകൾ ഒഴിഞ്ഞ പ്ലാറ്റ്ഫോമിലേക്കാണ് തീവണ്ടി ചെന്നു നിന്നതു. അതിനർത്ഥം ആളുകൾ ഇല്ല എന്നല്ല, തിരക്കുകൾ കുറഞ്ഞു എന്നു മാറ്റം. സ്റ്റേഷനിൽ വച്ചു രസകരമായ ഒരു കാഴ്ച കാണാൻ പറ്റി. പ്ലാറ്റ്ഫോമിൽ ഒരിടത്തു ആളുകൾ ഒരു നീണ്ട നിരയിൽ നിൽക്കുന്നു.സാമൂഹിക അകലം പാലിച്ചല്ല, പകരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ. അപ്പോഴേക്കും അവിടേക്ക് ഒരു പോലീസുകാരൻ എത്തി. അയാൾ അവരെ എന്തൊക്കെയോ പറഞ്ഞു അകറ്റി നിർത്തുന്നു. നിലത്തു ചില ചതുരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്, അതിൽ നിൽക്കാനാണ് അദ്ദേഹം അവരോടു പറയുന്നത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ഈ കാഴ്ച കണ്ടത്. തീവണ്ടി മുന്നോട്ടു പോകും തോറും ആ കാഴ്ചകളും കണ്ണിൽ നിന്നു മറഞ്ഞു.
പനവേൽ സ്റ്റേഷൻ വിട്ടു കുറച്ചു മുമ്പോട്ടു ചെല്ലുമ്പോൾ വീണ്ടും ഒരു WAG9 അതു വലിച്ചുകൊണ്ടുവരുന്ന കണ്ടെയ്നറുകളുടെ ഒരു നീണ്ട നിരയേയും കണ്ടു. പനവേൽ സ്റ്റേഷനിലേക്കുള്ള സിഗ്നൽ ലഭിക്കാനുള്ള കാത്തിരിപ്പു ആണെന്ന് തോന്നുന്നു.
പനവേൽ വിട്ടതിനു ശേഷം തീവണ്ടി ധാരാളം പച്ചപ്പ് നിറഞ്ഞ പ്രദേശത്തു കൂടെ കടന്നു പോകുമ്പോൾ മഴ പെയ്യാൻ തുടങ്ങി. ഗ്ലാസ് ജനൽ താഴ്ത്തി ,അതിലൂടെയുള്ള പൊടി പിടിച്ച കാഴ്ചകളും നോക്കി ഞാനിരുന്നു. ഇതിനിടയ്ക്ക് കയ്യിൽ കരുതിയ കപ്പിലണ്ടി തീർത്തു,കൂടു മാത്രം ബാക്കിയാക്കി. ദക്ഷിണ ഭാഗത്തേക്ക് നീങ്ങുന്ന തീവണ്ടിയുടെ വലതു വശത്തു നിന്നു നോക്കുമ്പോൾ ദൂരെയൊരു മല കാണാം. വളരെ ഉയരത്തിൽ അതിനു മുകളിൽ ഒരു വലിയ പാറ ഒറ്റയ്ക്കിരിക്കുന്നത് പോലെ തോന്നി. മൊബൈൽ ക്യാമറയിൽ അതു പകർത്താനുള്ള ശ്രമം ഫലം കണ്ടില്ല. ഒരു നിമിഷം നമുക്ക് ലഭിച്ചിരിക്കുന്ന മനോഹരമായ ഈ കണ്ണുകളുടെ മഹത്വം ഞാനോർത്തു. എത്രയാണ് നമ്മുടെ കണ്ണിന്റെ റെസൊല്യൂഷൻ(resolution) എന്നോ അതിന്റെ മറ്റു സവിശേഷതകളെ കുറിച്ചോ നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ?
തൂളുന്ന മഴയത്ത് ഞങ്ങളുടെ എതിർ ദിശയിലേക്കു ഒരു MEMU ട്രെയിൻ കടന്നു പോയി. യാത്ര പുറപ്പെടുന്നത്തിന് മുമ്പ് മുതൽ ഞാൻ കാത്തിരിക്കുന്നത് മഹാരാഷ്ട്രയിൽ ഉള്ള രോഹ (Roha) എന്ന സ്റ്റേഷൻ എത്താൻ വേണ്ടിയായിരുന്നു.രോഹ സ്റ്റേഷൻ കടന്നാൽ നമ്മൾ കൊങ്കൻ റയിൽവേയുടെ ( konkan railways) പരിധിയിൽ കടക്കുകയാണ്. അതങ്ങനെ കർണാടകയിലെ തൊകുർ (thokur) റെയിൽവേ സ്റ്റേഷൻ വരെ നീണ്ടു കിടക്കുന്നു.
റോഹ റെയിൽവേ സ്റ്റേഷൻ
റോഹ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നന്നായി ഇരുട്ടി തുടങ്ങിയിരുന്നു. തുരന്തോ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പില്ലാത്തത് ആണ്,പക്ഷെ അപ്രതീക്ഷിതമായി ട്രെയിൻ അവിടെ നിർത്തി. പുറത്തെ ഇരുട്ടു കാരണം പ്രത്യേകിച്ചു ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. യാത്രക്കാർ തീവണ്ടിയിൽ നിന്നും പുറത്തിറങ്ങി പ്ലാറ്റ്ഫോമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും വെറുതെ നിൽക്കുന്നതും ഒക്കെ നോക്കി ഞാൻ അവിടെ ഇരുന്നു. കുറച്ചധികം സമയം ട്രെയിൻ അവിടെ കിടന്നു, പിന്നീട് ട്രെയിനിന്റെ ഹോണ് വീണ്ടും മുഴങ്ങിയപ്പോൾ ആളുകൾ ട്രെയിനിൽ കയറാൻ തുടങ്ങി.
റോഹ സ്റ്റേഷൻ വിട്ടു കഴിഞ്ഞതിൽ പിന്നെ അധികം സമയം ഉണർന്നിരുന്നില്ല. കാരണം കാഴ്ചകൾ ഒന്നും കാണാൻ കഴിയാത്ത വിധം ഇരുട്ടു നിറഞ്ഞിരുന്നു. അങ്ങനെ ഞാൻ ഉറങ്ങാൻ കിടന്നു. ഏറ്റവും താഴത്തെ ബെർത്തിൽ ആണ് കിടന്നത്.
മുഖത്തു മഴത്തുള്ളികൾ വീണു തുടങ്ങിയപ്പോൾ, ഉറക്കത്തിൽ നിന്നു ഞാൻ ഉണർന്നു.പുറത്തു നല്ല മഴയാണ്. അതാണ് വെള്ളം ചാടുന്നത്. ഗ്ലാസ് ജനൽ താഴ്ന്നാണ് കിടന്നിരുന്നത് എങ്കിലും അടിയിലെ ചെറിയ വിടവിലൂടെ വെള്ളം അകത്തേക്ക് കയറുന്നുണ്ടായിരുന്നു.അങ്ങനെ എഴുനേറ്റു രണ്ടാമത്തെ ജനലും താഴ്ത്തി, ഞാൻ പുതപ്പു തല വഴി മൂടി വീണ്ടും ഉറങ്ങി.
മഡ്ഗാവ് (madgaon) സ്റ്റേഷനിൽ എത്തിയപ്പോളും മഴ നിന്നിരുന്നില്ല. അതോ ഇവിടെ എത്തിയപ്പോൾ മഴ വീണ്ടും തുടങ്ങിയതാണോ? എന്തായാലും ഉറക്കത്തിൽ നിന്നും ഉണർന്നു ഞാൻ നോക്കുമ്പോൾ മഡ്ഗാവ് സ്റ്റേഷനിൽ നിർത്താനായി ട്രെയിൻ പതിയെ പോകുന്നു,പുറത്തു മഴയും. മഡ്ഗാവ് വിടുന്നത് വരെ ഞാൻ ഉറങ്ങാതെ ഇരുന്നു. പിന്നീട് വീണ്ടും ഉറക്കത്തിലേക്കു.
നേരം പുലർന്നപ്പോൾ
പിറ്റേന്ന് രാവിലെ എപ്പോഴാണ് എഴുന്നേറ്റത് എന്നു ഒരു ഓർമയുമില്ല. ഇന്നലെ എല്ലായിടത്തും മഴ പെയ്തിരുന്നു എന്നതിന് തെളിവ് നൽകുന്നതായിരുന്നു പുറത്തെ അന്തരീക്ഷം. തീവണ്ടി കർണാടകയുടെ ഭാഗമായ പ്രദേശത്തുകൂടെ ആണ് പോകുന്നത്. പുറത്തു മനഹാരമായ പച്ചപ്പ് വിരിച്ച പാടങ്ങൾ പിന്നിലേക്ക് ഓടി മറഞ്ഞു. ഇടയ്ക്കു ചെറിയ തോടുകളും ഒക്കെ കാണാമായിരുന്നു. ആ മനോഹര ഗ്രാമഭംഗി ആസ്വദിച്ചു ഞാനിരുന്നു.
ട്രെയിൻ കിലോമീറ്ററുകളോളം പിന്നിട്ടു. പുറത്തെ കാഴ്ചകളുടെ രൂപം മാറി തുടങ്ങി.പല സ്ഥലത്തും വെള്ളം പൊങ്ങിയ നിലയിലാണ്. വീടുകളുടെ മുറ്റങ്ങളും പറമ്പുകളും ഒക്കെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇടയ്ക്കു കുറുകെ കടന്ന ഒന്നു രണ്ടു പുഴകളിലെ വെള്ളം ആകെ കലങ്ങി ഒഴുകുന്നു. മഴ ഇവിടെ ശക്തിയായി പെയ്തിട്ടുണ്ട് എന്നതിന്റെ തെളിവുകൾ ആയിരുന്നു അവയെല്ലാം. ഈ കാഴ്ചകളെല്ലാം മാറി മറിഞ്ഞുകൊണ്ടിരുന്നു.
മംഗലാപുരം ജംഗ്ഷനിലേക്ക്
ട്രെയിൻ യാത്രയിൽ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുന്നത് പോലെ രസകരമായ കാര്യമാണ്, ജനൽ കമ്പികൾക്ക് ഇടയിലൂടെ ഏറ്റവും മുന്നിൽ മുഴു ട്രെയിനേയും വലിച്ചു കൊണ്ടു പോകുന്ന ലോകോമോട്ടീവ് അഥവാ എൻജിനെ കാണുന്നത്. മംഗലാപുരത്തോട് ഞങ്ങളുടെ ട്രെയിൻ അടുക്കുമ്പോൾ ആണ് എനിക്ക് വഡോദരയിൽ വച്ചു പുതുതായി ഘടിപ്പിച്ച ഡീസൽ എൻജിൻ കാണാൻ പറ്റിയത്. പക്ഷെ 1ന് പകരം 3 ഡീസൽ എൻജിനുകൾ ഉള്ളതായാണ് എനിക്കു തോന്നിയത്. എന്തായാലും ഒന്നിൽ കൂടുതൽ എൻജിൻ ഉണ്ടെന്നുള്ളത് ഉറപ്പ്.
ട്രെയിൻ അല്പം വൈകിയാണ് മംഗലാപുരം ജംഗ്ഷനിൽ എത്തിച്ചേർന്നത്. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ കാരണം ട്രെയിൻ കൊങ്കൻ റയിൽവേയുടെ പ്രദേശത്തുകൂടി വേഗത കുറച്ചയായിരിക്കണം യാത്ര ചെയ്തത്. മംഗലാപുരം സ്റ്റേഷൻ അടുക്കുമ്പോൾ ചില ഡീസൽ എൻജിനുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാൻ പറ്റി.
അങ്ങനെ മംഗലാപുരം ജംഗ്ഷൻ ( MAJN ) റയിൽവെ സ്റ്റേഷനിലെ ഒരു പ്ലാട്ഫോമിൽ ട്രെയിൻ നിർത്തി.
അപ്പോൾ തൊട്ടപ്പുറത്തുള്ള ഒരു ട്രാക്കിൽ എന്തോ പണികൾ നടക്കുന്നു. അതിനായി ഒരു ജെ.സി.ബി ( jcb) ആ റെയിൽവേ ട്രാക്കിൽ നിർത്തിയിരിക്കുന്നു. അത് ആ ട്രാക്കിലൂടെ ചില ഇരുമ്പ് പാളങ്ങൾ വലിച്ചു കൊണ്ടുപോകുന്നു. എന്താണ് അവിടെ നടക്കുന്ന പണി എന്നത് എനിക്ക് മനസ്സിലായില്ലെങ്കിലും. അതു കണ്ടിരിക്കാൻ രസം ആയിരുന്നു.
മംഗലാപുരം സ്റ്റേഷന്റെ അങ്ങേ അറ്റത്തു ആയി ഒരു WAP7 നിർത്തിയിട്ടിരുക്കുന്നത് കാണാമായിരുന്നു. ഈ സ്റ്റേഷനിൽ വച്ചു ട്രെയിനിന്റെ ലോക്കോ എൻജിൻ വീണ്ടും മാറ്റും. ഈ പ്രാവശ്യം ഡീസൽ ലോക്കോ എൻജിനിൽ നിന്നു ഇലക്ട്രിക്ക് എന്ജിനിലേക്ക് ആണ് മാറ്റം.
മംഗലാപുരം വിട്ടു തീവണ്ടി നീങ്ങി തുടങ്ങി. പത്തു മിനുട്ടോളം സമയം ട്രെയിൻ മംഗലാപുരത്തു നിർത്തിയിരുന്നു. ഇനി അധികം താമസിയാതെ കേരളത്തിലേക്ക് കടക്കും.
മംഗലാപുരം സ്റ്റേഷൻ വിട്ടു തുരന്തോ എക്സ്പ്രസ് നേത്രാവതി പുഴ കുറുകെ കടന്നു. മംഗലാപുരം പട്ടണം ഈ പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആകെ കാർമൂടിയ ഒരു കാലാവസ്ഥ ഇടയ്ക്കു സൂര്യരശ്മികൾ ഭൂമിയിൽ തടസ്സമില്ലാതെ പതിക്കുന്നുണ്ട്. ട്രെയിൻ അതിവേഗമാണ് നീങ്ങുന്നത്. മുമ്പിലെ കാഴ്ചകളെല്ലാം നിമിഷ നേരംകൊണ്ട് കണ്മുന്നിൽ നിന്ന് മാഞ്ഞു..
കേരളത്തിലേക്ക്
WAP 7 ലോകോമോട്ടീവ് കിട്ടിയതിന്റെ സന്തോഷമാണോ അതോ കേരളത്തിലേക്ക് എത്തുന്നതിന്റെ സന്തോഷമാണോ ട്രെയിൻ പറപറക്കുകയാണ്. ആ പോക്കിൽ ഒരു ചെറിയ തോടു കടന്നത് എനിക്കോർമയുണ്ട് അതു കുറുകെ കടന്നു കഴിയുമ്പോൾ 2 ട്രാക്കുകളുടെയും ഇടയിൽ പച്ച പുല്ലിൽ കാന്തത്തിന്റെ രൂപത്തിൽ ഒരു കോണ്ക്രീറ്റ് ഫലകം. അതിൽ ത്രിവർണങ്ങളുടെ നടുവിൽ കറുത്ത ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു:
KERALA
കർണാടകത്തിന്റെയും കേരളത്തിന്റെയും അതിർത്തി കടന്ന രംഗം ഇങ്ങനെ ആയിരുന്നു.പിന്നെയും കോവിഡ് കാലത്തെ ട്രെയിൻ യാത്ര തുടരുകയാണ്. ഇനി ട്രെയിൻ നിർത്തുക കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആണ്. കാസർകോടും, കണ്ണൂരും, തലശ്ശേരിയും എല്ലാം കണ്മുന്നിലോടെ ഓടി മറഞ്ഞതല്ലാതെ അവിടെയൊന്നും ട്രെയിൻ നിർത്തിയില്ല. അങ്ങനെ ട്രെയിൻ കേരളത്തിലെ ആദ്യത്തെ സ്റ്റോപ്പിൽ എത്തി ചേർന്നു:
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
അങ്ങനെ കോഴിക്കോട് സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ ചിലയാളുകൾ ഒക്കെ ട്രെയിനിൽ നിന്നിറങ്ങി. പക്ഷെ അപ്പോഴും ഞങ്ങളുടെ കൂപ്പയിൽ അത്രയും തന്നെ ആളുകൾ ഉണ്ട്. കൂടുതൽ പേരും ഉറക്കത്തിൽ ആണ്. ചിലരൊക്കെ മൊബൈലിലും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വിശ്രമിക്കുമ്പോൾ അങ്ങു അപ്പുറത്ത് ഒരു ട്രാക്കിൽ ഒരു ട്രെയിൻ കടക്കുന്നു. ട്രെയിനിന്റെ കോച്ചുകൾ കണ്ടാൽ അറിയാം ജനശതാബ്ദി ആണെന്ന്. കോവിഡ് സ്‌പെഷ്യൽ ആയി ഓടുന്ന കോഴിക്കോട്- തിരുവനന്തപുരം സെൻട്രൽ ജനാശതാബ്ദിയാണ് കേരളത്തിലെത്തിയ ശേഷം കാണുന്ന ആദ്യത്തെ യാത്രാ ട്രെയിൻ. ഇടയ്ക്കു പലയിടത്തും പാർക്ക് ചെയ്തിരുന്ന തീവണ്ടി റേക്കുകൾ കണ്ടെങ്കിലും അവയൊന്നും യാത്രക്കാരെ നിലവിൽ കൊണ്ടുപോകുന്നില്ല.
തിരുവനന്തപുരം ഭാഗത്തേക്ക് പോകാനായി ട്രൈയിനുമായി ലോക്കോ എൻജിൻ ഘടിപ്പിക്കുന്ന ജോലികൾ നടക്കുകയാണ്. WAP 7 എൻജിൻ ആയിരുന്നു അത്. പതിയെ പതിയെ അതു ട്രെയിന് അടുത്തേക്ക് അടുക്കുന്നു. ഒരു റെയിൽവേ ജീവനക്കാരൻ കൊടികൾ ഉയർത്തി സിഗ്നൽ കാണിക്കുന്നു. അവസാനം ട്രെയിൻ ബോഗിയുമായി എൻജിൻ മുട്ടിയപ്പോൾ റെയിൽവേ ജീവനക്കാരൻ അവിടെക്കിറങ്ങി എന്തൊക്കെയോ ഘടിപ്പിച്ചു.
എറണാകുളം ടൗൺ സ്റ്റേഷനിൽ കണ്ട കാഴ്ച
തുരന്തോ എക്സ്പ്രസ് വീണ്ടും യാത്ര ആരംഭിച്ചു. എറണാകുളം ജംഗ്ഷൻ വരെ ഒരിടത്തും നിർത്താതെ ഒരു പോക്ക് ആയിരുന്നു. രസകരമായ അനുഭവങ്ങൾ സമ്മാനിച്ച ഒന്നും ഇടയ്ക്കു സംഭവിച്ചില്ല.അങ്ങനെ ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിലൂടെ കടന്നു പോയപ്പോൾ ഒരു മനോഹര കാഴ്ച കണ്ടു.
എറണാകുളം ടൗൺ സ്റ്റേഷനിലും നിർത്താതെ ട്രെയിൻ അതിവേഗം കടന്നുപോകുമ്പോൾ ഒരു WAP 4 തൊട്ടടുത്ത ട്രാക്കിലൂടെ എറണാകുളം ടൗൺ സ്റ്റേഷനിലേക്ക് വരുന്നത് കണ്ടു. WAP4 എഞ്ചിന് പിന്നാലെ കുറച്ചു iCF ബോഗികളും ഉണ്ടായിരുന്നു. അതു ഒരു കോവിഡ് ഡ്യൂട്ടി ട്രെയിൻ ആയിരിക്കണം. ഈ കോവിഡ് ഡ്യൂട്ടി ട്രെയിനിനെ കണ്ടതിനൊപ്പം ഞങ്ങളുടെ തൊട്ടു മുകളിലെ മെട്രോ ഓവർ ബ്രിഡ്ജിലൂടെ ഒരു മെട്രോ കടന്നു പോയി.
എറണാകുളം ജംഗ്ഷൻ റയിൽവെ സ്റ്റേഷൻ (ERS)
അങ്ങനെ 2000 കിലോമീറ്ററോളം കോവിഡ് കാലത്ത് ഇന്ത്യൻ റയിൽവേയിൽ ട്രെയിൻ യാത്ര ചെയ്ത് ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയാണ്. എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു എത്തുമ്പോൾ അവിടെ ഒരു വശത്ത് ഒരു WAP7 നിർത്തിയിരിക്കുന്നത് കാണാൻ പറ്റി. ഒന്നാം നമ്പർ പ്ലാട്ഫോമിലേക്ക് ആണ് ഞങ്ങളുടെ ട്രെയിൻ എത്തി ചേരുന്നത്. അവിടെ പ്ലാട്ഫോമിൽ ഞങ്ങളെ കാത്തു PPE കിറ്റ് ധരിച്ച കുറച്ചു ആളുകൾ കാതിരിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഈ യാത്രയിൽ കേരളത്തിലെ സ്റ്റേഷനുകളിൽ മാത്രമേ ഈ ഒരു കാഴ്ച കാണാൻ കഴിഞ്ഞയത്.
അങ്ങനെ 02284 കോവിഡ് സ്‌പെഷ്യൽ തുരന്തോ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില ഒന്നാം പ്ലാട്ഫോമിൽ നിർത്തി. ട്രെയിനിൽ നിന്നിറങ്ങി നേരെ കയ്യിലുണ്ടായിരുന്ന e- pass കാണിച്ചു പുറത്തേക്കു. അതിനു മുമ്പ് എന്നെ മൊത്തത്തിൽ ഒരു സാനിറ്റൈസ് ചെയ്താണ് അവർ വിട്ടത്.
ഇനി ഹോം ക്വാറന്റിൻ ദിനങ്ങൾ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ