ട്രെയിൻ കോച്ചുകളിലെ അപായ ചങ്ങലകൾ | തീവണ്ടി പ്രാന്തൻ - തീവണ്ടി പ്രാന്തൻ

Breaking

ട്രെയിൻ കോച്ചുകളിലെ അപായ ചങ്ങലകൾ | തീവണ്ടി പ്രാന്തൻ

    

ട്രെയിൻ നിർത്താൻ, ചങ്ങല വലിക്കുക ( to stop the train, pull the chain).  ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആരും തന്നെ ഇങ്ങനെ ഒരു എഴുത്തു കാണാതെ പോയിട്ടുണ്ടാകില്ല. എഴുത്തു മാത്രമല്ല അതിനൊപ്പമുള്ള അപായ ചങ്ങലയും (emergency alarm chain). ഇന്ത്യൻ റെയിൽവേ പോലെ ലോകത്തെങ്ങുമുള്ള റെയിൽവേകളിൽ ഇത്തരം അപായ ചങ്ങലകൾ ഉണ്ട്. ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് ട്രെയിനിന്റെ കോച്ചുകളുടെ ഭിത്തിയിൽ, ഇത്തരത്തിൽ ഉള്ള ചുവന്ന ലിവറോട് കൂടിയ അപായ ചങ്ങല കാണാൻ സാധിക്കും.

എന്തിനാണ് അപായ ചങ്ങല?

    ഏറ്റവും മുമ്പിൽ ഭീമാകാരനായ എൻജിൻ( ലോകോമോട്ടീവ്), അതിനു പിന്നാലെ വരിവരിയായി 20+ കോച്ചുകൾ. ഏറ്റവും പിന്നിൽ ട്രെയിനിന്റെ ഗാർഡ് കോച്ചും. ഇതാണ് ഏകദേശം ഒരു ഇന്ത്യൻ ട്രെയിനിന്റെ ഘടന. ട്രെയിന്റെ നിയന്ത്രണം മുന്നിൽ ഇരിക്കുന്ന ലോക്കോ പൈലറ്റ് ( loco pilot) അല്ലെങ്കിൽ എൻജിൻ ഡ്രൈവർ, ഏറ്റവും പിന്നിൽ ഉള്ള ഗാർഡ്( guard)  എന്നിവരുടെ കയ്യിൽ ആണ്. എന്നാൽ ഒരു യാത്ര ട്രെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതാക്കട്ടെ എൻജിനും ഗാർഡ് കോച്ചിനും ഇടയിലുള്ള കോച്ചുകളിലും. അതുകൊണ്ടു തന്നെ ഒരു അപായമോ അത്യാഹിതമോ (emergency) ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഈ കോച്ചുകളിൽ ആണ്.

    ഒരു അത്യാഹിതം ഉണ്ടായാൽ ആളുകൾക്ക് എങ്ങനെ എൻജിൻ ഡ്രൈവറെ ട്രെയിൻ നിർത്തണം എന്നു അറിയിക്കും? ഡ്രൈവറുടെ അടുത്തു വരെ ഓരോ കോച്ചും മാറി കയറി പോകുക എന്നത് പ്രായോഗികം അല്ല. അതുകൊണ്ടു തന്നെ അത്തരം ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യാൻ ആണ് ഇന്ത്യൻ റെയിൽവേ ഇങ്ങനെ ഒരു ചങ്ങല പ്രധാനം ചെയ്തിരിക്കുന്നത്.

അപായ ചങ്ങലയുടെ പ്രവർത്തനം

  

 ഒരു അത്യാഹിതമോ അപകടമോ സംഭവിച്ചാൽ യാത്രക്കാർ ചെയ്യേണ്ടത് വളരെ ലളിതമായ കാര്യങ്ങൾ മാത്രമാണ്. അവർ യാത്ര ചെയ്യുന്ന കോച്ചിൽ സ്ഥാപിച്ചിരിക്കുന്ന അപായ ചങ്ങല ഒന്നു വലിക്കുക എന്നത് മാത്രം. ആ ചങ്ങലയുടെ കൂടെ കാണുന്ന അറിയിപ്പിൽ കാണുന്നത് പോലെ ചങ്ങല വലിച്ചാൽ ട്രെയിൻ നിൽക്കും. എങ്ങനെ?

എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ പ്രധാനപ്പെട്ട 2 ഭാഗങ്ങൾ ആണ്:

1)  പാസ്സഞ്ചർ എമർജൻസി അലാം സിഗ്നൽ ഡിവൈസ്‌ ( passenger emergency alarm signal device) അല്ലെങ്കിൽ PEASD

2) പാസ്സഞ്ചർ എമർജൻസി അലാം വാൽവ് ( passenger emergency alarm valve) അല്ലെങ്കിൽ PEAV.

ഇവ രണ്ടും ട്രെയിനിന്റെ ബ്രേക്ക് പൈപ്പുമായി ( brake pipe) ബന്ധിപ്പിചിരിക്കുന്നു. ബ്രേക്ക് പൈപ്പിലെ മർദ്ദം ( 5 kg/ cm2) കുറയുമ്പോൾ ആണ് ബ്രേക്ക് പ്രയോഗിക്കപ്പെടുന്നത്.

 ട്രെയിനിലെ ഭിത്തിയിൽ കാണുന്ന ആ ചെയ്‌ൻ അല്ലെങ്കിൽ ചങ്ങല PEASD സിസ്റ്റത്തിന്റെ ഭാഗമാണ്. യാത്രക്കാരൻ ചങ്ങല വലിക്കുമ്പോൾ PEA വാൽവിലുള്ള വായു മർദ്ദം( air pressure) നഷ്ടമാവുന്നു. അതുവഴി ബ്രേക്ക് പൈപ്പ് (brake pipe) മർദ്ദം നഷ്ടമാവുകയും , ഭാഗികമായി ട്രെയിനിൽ  ബ്രേക്ക് പ്രയോഗിക്കപ്പെടുന്നു. ലോക്കോ ക്യാബിലെ മീറ്ററിൽ ഇതു ശ്രദ്ധിക്കുന്ന എൻജിൻ ഡ്രൈവർ ട്രെയിൻ പെട്ടെന്ന് നിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു.

ചങ്ങല വലിച്ച കോച്ച് എങ്ങനെ തിരിച്ചറിയും?

    അപായ ചങ്ങല ( emergency alarm chain) വലിച്ചു ഒരു ട്രെയിൻ നിർത്തേണ്ടി വന്നാൽ എൻജിൻ ഡ്രൈവർ ആ വിവരം ട്രെയിനിലെ ഗാർഡിനെയും, മറ്റുള്ള ജീവനക്കാരെയും, അതായത് റെയിൽവേ പോലീസ്( RPF), TTE എന്നിവരെയെല്ലാംഅറിയിക്കും. എങ്ങനെ?

    അതിനായി ചെയ്യുന്ന ഒരു കാര്യം എൻജിന്റെ ഹോൺ ഒരു പ്രത്യേക വിധത്തിൽ മുഴക്കുന്നത് ആണ്. ഒരു നീണ്ട ഹോൺ പിന്നീട് ഒരു ചെറിയ ഹോൺ, വീണ്ടും ഒരു നീണ്ട ഹോൺ, ചെറിയ ഹോൺ.

  ട്രെയിൻ നിന്നു കഴിഞ്ഞാൽ എന്താണ് പ്രശനം എന്നറിയാൻ ഗാർഡും  മറ്റും ഇറങ്ങി പരിശോധിക്കും. ചങ്ങല അല്ലെങ്കിൽ ചെയ്‌ൻ വലിച്ചത് ഏതു കോച്ചിൽ നിന്നറിയാൻ പല മാർഗങ്ങൾ ഉണ്ട്

    എയർ ലീക് ആകുന്നത്കൊണ്ട് ചങ്ങല വലിച്ച കോച്ചിന് അടുത്തു നിന്നും ഒരു ചീറ്റൽ ശബ്ദം കേൾക്കാൻ സാധിക്കും.

    ഇപ്പോൾ ട്രെയിനുകളിൽ ചങ്ങല വലിച്ച കോച്ച് എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിൽ ഇന്ഡിക്കേഷൻ( indication) ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്.

ചങ്ങല വലിക്കാൻ പറ്റുന്ന സാഹചര്യങ്ങൾ

    ട്രെയിനിലെ അപായ ചങ്ങല എപ്പോഴൊക്കെ വലിക്കാൻ കഴിയും? ലളിതമായി പറഞ്ഞാൽ ഒരു അത്യാഹിതം അല്ലെങ്കിൽ എമേർജൻസി ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ ചങ്ങല വലിച്ചു ട്രെയിൻ നിർത്താം.

    ചങ്ങല വലിച്ചു ട്രെയിൻ നിന്ന് കഴിഞ്ഞാൽ സ്വാഭാവികം ആയും ട്രെയിനിലെ ഉദ്യോഗസ്ഥർ കോച്ചിലെത്തി കാര്യങ്ങൾ ചോദിച്ചറിയും. അനാവശ്യമായ ഒരു കാര്യത്തിന് ആണ് ചങ്ങല വലിച്ചത് എങ്കിൽ ശിക്ഷ അനുഭവക്കണം.

അനാവശ്യമായി ചങ്ങല വലിച്ചാൽ

    ഇന്ത്യയിലെ ട്രെയിൻ യാത്രക്കാരിൽ ചങ്ങല വലിക്കുന്നതിൽ കൂടുതലും അനാവശ്യമായി ആണ്. അതായത് സ്റ്റോപ് ഇല്ലാത്ത ഒരു സ്റ്റേഷനിൽ ഇറങ്ങാൻ വേണ്ടി ഒരു യാത്രകാരൻ ചെയ്‌ൻ വലിച്ചേക്കാം.

കൂടുതൽ വായിക്കുക : ചങ്ങല വലിച്ചു നിർത്തിയ ട്രെയിനിൽ T P നടത്തിയ യാത്ര.

എന്നാൽ ഇങ്ങനെ ചങ്ങല വലിക്കുന്നത്ശിക്ഷാർഹം ആണ്. എന്തൊക്കെ ശിക്ഷകൾ ലഭിച്ചേക്കാം?

 അനാവശ്യമായി ചങ്ങല വലിച്ചു ട്രെയിൻ നിർത്തുന്നത് 1000 രുപ പിഴയോ (fine) 3 വർഷം വരെ ജയിൽ ശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റകൃത്യം ആണ്.

ഓർക്കുക

 ട്രെയിൻ യാത്രകളിൽ ആയിരക്കണക്കിന് ആളുകൾ ആണ് യാത്ര ചെയ്യുന്നത്. അതിൽ ഒരാളുടെ അനാവശ്യ പ്രവർത്തനങ്ങൾ ബാക്കിയുള്ള എല്ലാ യാത്രക്കാരെയും ബാധിക്കും. ആയതിനാൽ ഈ എമേർജൻസി അലാം ചെയ്‌ൻ( emergency alarm chain) ആവശ്യം ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ